
കൊച്ചി: 83 വയസുകാരന്റെ ഹൃദയത്തിലെ ബ്ളോക്കുകൾ ആധുനിക ഉപകരണമായ ഇംപെല്ലാ സി.പി സ്മാർട്ട് അസിസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നീക്കം ചെയ്‌തു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രാജശേഖർ വർമ്മയുടെ നേതൃത്വത്തിലാണ് കേരളത്തിലെ മൂന്നാമത്തെയും മദ്ധ്യകേരളത്തിൽ ആദ്യത്തേതുമായ ശസ്ത്രക്രിയ നടത്തിയത്.
1989ൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാലക്കാട് സ്വദേശിയായ ജനാർദ്ദനനിലാണ് ശസ്ത്രക്രിയ നടത്തിയത്. നിരന്തരമായ നെഞ്ചുവേദന, ശാരീരികപ്രശ്‌നങ്ങൾ, ഗുരുതരമായ ഒന്നിലധികം ബ്ലോക്കുകൾ, ദുർബലമായ പമ്പിംഗ്, കിഡ്‌നി തകരാർ, കരൾ പ്രശ്നങ്ങൾ ഉൾപ്പെടെ ബുദ്ധിമുട്ടുകൾ നേരിട്ട രോഗിയിൽ വീണ്ടും ശസ്ത്രക്രിയ വെല്ലുവിളിയായപ്പോഴാണ് ഇംപെല്ലാ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്.
ശസ്ത്രക്രിയാ സമയത്ത് ഹൃദയത്തിലെ രക്തം പമ്പിംഗ് നടത്തുകയും നിയന്ത്രിക്കുകയും വിലയിരുത്തുകയും രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുകയും ചെയ്യുന്ന ഉപകരണമാണ് ഇംപെല്ലാ. ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന അമേരിക്കൽ ഉപകരണത്തിന് 22 ലക്ഷം രൂപയാണ് വില.
സങ്കീർണാവസ്ഥയിലായ രോഗിയിൽ ഇംപെല്ലാ സഹായത്തോടെ ചികിത്സ ഫലപ്രദമാക്കാനും ജീവൻ തിരികെപ്പിടിക്കാനും സാധിക്കുമെന്ന് ഡോ. രാജ ശേഖർ വർമ്മ പറഞ്ഞു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി.വി ലൂയിസ്, ഡോ. അരുൺ ഗോപാലകൃഷ്‌ണപിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |