
കാപ്പിൽ : തേങ്ങയിടാൻ ആളെക്കിട്ടാതെ വലയുന്നുണ്ടോ. ഒറ്റ കോളിൽ വീട്ടുമുറ്റത്ത് ആളെത്തും. കായംകുളത്തിന് സമീപം കൃഷ്ണപുരം കാപ്പിൽ കേന്ദ്രീകരിച്ചുള്ള 'തേങ്ങ ബോയ്സ് ' ആണ് വിളിപ്പുറത്ത് സേവനവുമായുള്ളത്. 15 വർഷത്തെ സൈനിക സേവനത്തിന് ശേഷം അഞ്ച് വർഷം മുമ്പ് നാട്ടിലെത്തിയ കാപ്പിൽ സ്വദേശി വിനുബാബുവിന്റെ തലയിൽ ഉദിച്ച 'തേങ്ങ ബോയ്സ് ' ആശയം ഇപ്പോൾ 100ലധികം പേർക്ക് ഉപജീവനമാർഗവുമാണ്.
തേങ്ങാ ബോയ്സിന്റെ നമ്പരിലേക്ക് വിളിച്ച് തേങ്ങ അടർത്തേണ്ട തെങ്ങുകളുടെ എണ്ണം പറഞ്ഞാൽ ആവശ്യാനുസരണം തൊഴിലാളികൾ എത്തി ജോലി തീർക്കും. സൈക്കിളിലോ ഇരുചക്ര വാഹനങ്ങളിലോ ആണ് എത്തുക. എണ്ണം കുറവെങ്കിൽ ഒരു തെങ്ങിൽ കയറാൻ 40 രൂപ . കൂടുതൽ തെങ്ങുണ്ടെങ്കിൽ 35 രൂപയെന്ന ആദായനിരക്ക്. ആലപ്പുഴ, കൊല്ലം ജില്ലകളിലുൾപ്പെട്ട ഓച്ചിറ, കായംകുളം, മാവേലിക്കര, കരുനാഗപ്പള്ളി, ചവറ, നീണ്ടകര മേഖലകളിലാണ് ഇപ്പോൾ തേങ്ങാ ബോയ്സിന്റെ സേവനം ലഭ്യമായിട്ടുള്ളത്. തെങ്ങിന്റെ രോഗങ്ങൾക്കുള്ള മരുന്നടിക്കൽ ജോലിയും ചെയ്യും. അതിന് വേറെ ചാർജ് നൽകണം. നാട്ടിലെ തെങ്ങുകയറ്റ തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളുമുൾപ്പെട്ടതാണ് കൂട്ടായ്മ.
യൂണിഫോം നിർബന്ധം
തേങ്ങ ബോയ്സിന് പ്രത്യേക യൂണിഫോമുണ്ട്. കറുപ്പും ചുവപ്പും കലർന്ന ഷർട്ടിൽ തേങ്ങയുടെ പടവും ഫോൺനമ്പരും ഉൾപ്പെടുത്തിയിട്ടുണ്ട്. യന്ത്രം ഉപയോഗിച്ചാണ് തെങ്ങുകയറ്റം. രാവിലെ 7 മുതൽ വൈകിട്ട് 8 വരെ 9778395338 എന്ന നമ്പരിൽ അഡ്വാൻസ് ബുക്കിംഗ് സംവിധാനം. കോഴിക്കോട്ടു നിന്നാണ് തെങ്ങുകയറ്റ യന്ത്രം വരുത്തിയിട്ടുള്ളത്.
സർപ്രൈസ് ഗിഫ്റ്റ്
സർപ്രൈസ് ഗിഫ്റ്റ് ഡെലിവറി എന്നൊരു സംരംഭവും വിനു ഇതിനൊപ്പം നടത്തുന്നുണ്ട്. ആരുടെയെങ്കിലും ജന്മദിനത്തിലോ, മറ്റ് വിശേഷ അവസരങ്ങളിലോ എന്തെങ്കിലും ഗിഫ്റ്റ് സർപ്രൈസ് ആയി എത്തിക്കണമെങ്കിൽ ഇവരെ വിളിച്ചാൽ മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |