SignIn
Kerala Kaumudi Online
Sunday, 07 December 2025 8.48 AM IST

ഇനി നാല് നാളുകൾ; നെഞ്ചിടിപ്പിൽ ഇഞ്ചോടിഞ്ച്‌

Increase Font Size Decrease Font Size Print Page
ed
തിരഞ്ഞെടുപ്പ്

കോഴിക്കോട്: കൂട്ടിയും കുറച്ചും വോട്ട് പെട്ടിയിലാക്കാൻ ഇനി നാലുനാളുകൾ മാത്രം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നണികൾ. ചൊവ്വാഴ്ച നടക്കുന്ന കൊട്ടിക്കലാശത്തിന് മുൻപ് തന്നെ പ്രമുഖ നേതാക്കളെയെല്ലാം കളത്തിലിറക്കി അടിയൊഴുക്കുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് മൂന്ന് മുന്നണികളും. കോർപറേഷനിൽ ഭരണം ഉറപ്പായും കിട്ടുമെന്ന് സി.പി എമ്മിന് കണ്ണുംപൂട്ടി പറയുമ്പോൾ ആ വിശ്വാസം ഇളക്കി മറിക്കാൻ ലക്ഷ്യമിട്ടാണ് യു.ഡി.എഫും എൻ.ഡി.എയും കളം നിറയുന്നത്. പോരാട്ടം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ശക്തിയിൽ മേൽക്കൈ ഇടതിന് തന്നെയെന്ന് പറയാം. നിലമെച്ചപ്പെടുത്തുന്ന പ്രകടനമാകും യു.ഡി.എഫും എൻ.ഡി.എയും കാഴ്ചവെക്കുക.

പിടിച്ചെടുത്തിരിക്കും

2020ൽ ആകെയുള്ള 75 ഡിവിഷനിൽ 50 സ്വന്തമാക്കിയാണ് എൽ.ഡി.എഫ് വിജയരഥമേറിയത്. 46 സീറ്റിൽ സി.പി.എം നിരന്നപ്പോൾ സഹകക്ഷികളായ സി.പി.ഐ, എൻ.സി.പി, ജനതാദൾ, കോൺഗ്രസ് എസ് ഒരോസീറ്റ് വീതം സ്വന്തമാക്കി. യു.ഡി.എഫിൽ കോൺഗ്രസ് ഒൻപതും മുസ്ലീം ലീഗ് എട്ടിലും ഒതുങ്ങിയപ്പോൾ ബി.ജെ.പി എഴ്സീറ്റുകളും പിടിച്ചെടുത്തു. ഇക്കുറി ഭരണതുടർച്ചയിലൂടെ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനമാണ് എൽ.ഡി.എഫ് നടത്തുന്നത്. 45 മുതൽ 47 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 41 മുതൽ 45 സീറ്റുകൾ വരെ നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. ഇത്തവണ 76 ഡിവിഷനുകളിലേക്കാണ് പോരാട്ടം. നിലവിലെ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ഡെപ്യൂട്ടി കളക്ടറായിരുന്ന അനിതകുമാരി എന്നിവരടങ്ങുന്ന പ്രമുഖരെയാണ് എൽ.ഡി.എഫ് ഇത്തവണ കളത്തിലിറക്കിയത്. ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുൾപ്പെടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ പരമാവധി ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. വീടുകൾ കയറിയും വോട്ടർമാരെ നേരിൽ കണ്ടും പൊതുപര്യടനം ഏകദേശം പൂർത്തിയായ മട്ടാണ്.

അടി തുടക്കത്തിലേ..

സംവിധായകൻ വി.എം വിനുവിനെ സ്ഥാനാർത്ഥിയാക്കി ഒരു മുഴം മുന്നേ എറിഞ്ഞാണ് യു.ഡി.എഫ് തുടങ്ങിയത്. എന്നാൽ വിനുവിന് വോട്ടില്ലെന്ന് തെളിഞ്ഞത് അൽപം മങ്ങലേൽപ്പിച്ചെങ്കിലും പകരം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമാകാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സെറ്റപ്പിലാണ് യു.ഡി.എഫ്. വിമതരുടെ ശല്യം ചിലയിടങ്ങളിലുണ്ടെങ്കിലും കഴിഞ്ഞ തവണത്തേത് പോലെയില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകിയും പഴയ കൗൺസിലർമാരെ പരിഗണിച്ചുമുള്ള സ്ഥാനാർത്ഥി നിർണയം വിജയ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. അതേ സമയം വർഷങ്ങളായി സി.പി എമ്മിന്റെ കൈപ്പിടിയിലുള്ള കോർപറേഷന്‍ ഭരണം തട്ടിയെടുക്കാൻ പാകത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ യു.ഡി.എഫ് വിജയിച്ചോ എന്നറിയാൻ തിരഞ്ഞെടുപ്പ് ഫലം വന്നേ മതിയാകൂ. പാറോപ്പടിയിൽ നിന്ന് മത്സരിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസാകും ജയിച്ചാൽ മേയർ. വിനുവിന് ശേഷം കോൺഗ്രസ് ഔദ്യോഗികമായി ആരെയും ഉയർത്തിക്കാണിക്കുന്നില്ല. സി.പി എമ്മിലും ബി.ജെ.പിയിലും സ്ഥിതി ഇതുതന്നെ. സി.പിഎമ്മിൽ നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹ്‌മദിന്റെ പേരും എൻ.ഡി.എയിൽ നവ്യ ഹരിദാസിന്റെ പേരുകളുമാണ് പരിഗണനയിൽ.


പ്രതീക്ഷയോടെ ബി.ജെ.പി

2015ലും 2020ലും ഏഴ് സീറ്റുകളാണ് ബി.ജെ.പി നേടിയത്. 2015ൽ ഏഴിടത്ത് രണ്ടാമതായിരുന്നത് 2020 ൽ 22 ഇടത്ത് രണ്ടാമത് എത്താനായി. ഈ മികവ് ആവർത്തിക്കുമ്പോൾ ഇത്തവണ 20 ൽ കുറയാതെ സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.