മുക്കം മുഹമ്മദ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ
കോഴിക്കോട്: ജില്ലയിൽ നില ഒന്നുകൂടി മെച്ചപ്പെടുത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടതുമുന്നണി. അര നൂറ്റാണ്ട് ഭരിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഇടതു ഭരണം തുടരുമെന്ന് നേതാക്കൾ പറയുന്നു. കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച വി.എം.വിനുവിനെ പോലും മാറ്റേണ്ടിവന്നത് യു.ഡി.എഫിനേൽക്കുന്ന തിരിച്ചടിയുടെ സൂചനയാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് പറഞ്ഞു.
തുറയൂരിൽ സി.പി.ഐ തനിച്ച് മത്സരിക്കുന്നുണ്ടല്ലോ?
തുറയൂർ പഞ്ചായത്തിലെ ഏതാനും സീറ്റിൽ മാത്രമാണിത്. അത് അവിടെ മാത്രം ഒതുങ്ങുന്നതുമാണ്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. മുന്നണി ബന്ധം മുൻകാലത്ത് ഇല്ലാത്ത രീതിയിൽ ശക്തമാണ്. മുന്നണിയിലെ എല്ലാ കക്ഷികളെയും കൂട്ടിയിണക്കിയാണ് കൊണ്ടുപോയിട്ടുള്ളത്.
കോർപ്പറേഷനിൽ അഴിമതിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ടല്ലോ?
ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. കൗൺസിലിൽ ബഹളം വച്ചതല്ലാതെ രേഖകൾ സഹിതം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല. വികസനത്തിന് തടസം നിൽക്കുന്ന സമീപനമാണ് യു.ഡി.എഫിന്. പാളയം മാർക്കറ്റ് മാറ്റുന്നതിന് തടസം നിന്നത് ഒരു ഉദാഹരണമാണ്.
ആരാകും കോഴിക്കോട് മേയർ?
യു.ഡി.എഫിനെ പോലെ മേയർ സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് അവതരിപ്പിക്കാറില്ല. ആരെ ആക്കണമെന്ന് ധാരണയുണ്ടാകുമെങ്കിലും പ്രഖ്യാപിക്കാറില്ല. മുന്നണി ജയിക്കുമ്പോൾ മേയറെയും ഡെപ്യൂട്ടി മേയറെയും പ്രഖ്യാപിക്കും.
എസ്.ഡി.പി.ഐയുമായി ധാരണയുണ്ടോ?
എൽ.ഡി.എഫിലെ കക്ഷികളുമായി മാത്രമേ സഖ്യമുള്ളൂ. മറ്റ് ആരുമായും ധാരണയോ സഖ്യമോ ഇല്ല. എസ്.ഡി.പി.ഐ പലയിടത്തും തനിച്ച് മത്സരിക്കുന്നുമുണ്ട്. അതേസമയം വെൽഫയർ പാർട്ടി യു.ഡി.എഫുമായി പരസ്യമായി സഖ്യത്തിലായിട്ടുണ്ട്.
രാഹുൽ വിഷയം, ശബരിമല സ്വർണക്കൊള്ള എന്നിവ സ്വാധീനിക്കുമോ?
രാഹുൽ വിഷയം സ്ത്രീകളിൽ കോൺഗ്രസിനെതിരായ വികാരമുയർത്തിയിട്ടുണ്ട്. ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്. രാഹുലിനെ ഭയക്കന്നവർ കോൺഗ്രസിലുണ്ട്. രഹസ്യങ്ങൾ പലതും വിളിച്ചുപറയുമെന്നാകും അവരുടെ ഭയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |