ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ജില്ലയിലാകെ 2085 വോട്ടെടുപ്പ് കേന്ദ്രങ്ങളാണുള്ളത്. 72 ഗ്രാമപഞ്ചായത്തുകളിലായി 1253 വാർഡുകൾ, 12 ബ്ലോക്ക് പഞ്ചായത്തിലായി 170 വാർഡുകൾ, ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകൾ ആറ് മുനിസിപ്പാലിറ്റികളിലായി 219 വാർഡുകൾ എന്നിങ്ങനയാണുള്ളത്.
വാർഡ് വിഭജനം വന്നതോടെ ഗ്രാമപഞ്ചായത്തുകളിൽ 84 വാർഡുകളും ബ്ലോക്ക് പഞ്ചായത്തുകളിൽ 12 വാർഡുകളും ജില്ലാപഞ്ചായത്തിൽ ഒരു ഡിവിഷനും നഗരസഭകളിൽ നാല് വാർഡുകളും വർദ്ധിച്ചു. ജില്ലയിൽ പഞ്ചായത്തുകളിൽ 1802 പോളിംഗ് സ്റ്റേഷനുകളും നഗരസഭകളിൽ 283 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനു കളുടെ കമ്മിഷനിംഗ് അതത് ബ്ലോക്ക്, നഗരസഭാ തലത്തിലുള്ള കേന്ദ്രങ്ങളിൽ പൂർത്തിയാക്കി. പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമുള്ള വോട്ടിംഗ് മഷീനുകൾക്ക് പുറമേ 25ശതമാനം അധിക മെഷീനുകൾ റിസർവായി ബന്ധപ്പെട്ട വരണാധികാരികൾക്ക് അനുവദിച്ചിട്ടുണ്ട്.
ത്രിതല പഞ്ചായത്തുകളിൽ ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് ണിറ്റുകളും ഉപയോഗിക്കും. ഒരു ബാലറ്റ് യൂണിറ്റിൽ പരമാവധി 15 സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവുമാണ് രേഖപ്പെടുത്തുന്നത്. 15ൽ അധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ അധിക ബാലറ്റ് യൂണിറ്റ് സൗജ്ജമാക്കും.എന്നാൽ ജില്ലയിൽ ഒരിടത്തും 15ന് മേൽ സ്ഥാനാർത്ഥികളില്ല. ഓരോ പോളിംഗ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർമാർ എന്നിവരെ വോട്ടെടുപ്പിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ 20 ഇദ്യോഗസ്ഥരെ അധികമായി (റിസർവ്) നിയോഗിച്ചിട്ടുണ്ട്.
പൊലീസ് നിരീക്ഷണം
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പൊലീസ് കാവലും നിരീക്ഷണങ്ങളും ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ പറഞ്ഞു. ജില്ലയിൽ 4300 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. എറണാകുളം റൂറൽ പൊലീസിൽ നിന്ന് 300 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി വിന്യസിപ്പിക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത കേന്ദ്രങ്ങളെയാണ് പ്രശ്‌നബാധിത ബൂത്തുകളായി കണ്ടിട്ടുള്ളത്.
സുരക്ഷാ ഡ്യൂട്ടിക്കായി പൊലീസിന് പുറമെ, ഇതര സിവിൽ വിഭാഗം ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിക്കുണ്ടാകും. ജില്ലയിലെ ഡ്യൂട്ടിക്ക് ശേഷം ജില്ലയിൽ നിന്നുള്ള 430 പൊലീസുകാർ കോഴിക്കോട് റൂറലിലേക്ക് സുരക്ഷാ ഡ്യൂട്ടിക്കായി പോകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ജില്ലയിലെ വോട്ടർമാർ - 18,02,555
സ്ത്രീ വോട്ടർമാർ- 9,60,976
പുരുഷ വോട്ടർമാർ- 8,41,567
ട്രാൻസ്ജൻഡേഴ്സ്- 12
സ്ഥാനാർത്ഥികൾ
പരുഷന്മാർ- 2445
സ്ത്രീകൾ- 2950
ആകെ- 5395
പ്രശ്നബാധിത ബൂത്തുകൾ- 273
വെബ് കാസ്റ്റിംഗ് നടത്തുന്ന ബൂത്തുകൾ- 60
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |