ആലപ്പുഴ: നിർമ്മാണത്തിലുള്ള ദേശീയപാത 66ൽ കൊല്ലം കൊട്ടിയത്ത് പാർശ്വഭിത്തി തകർന്ന് സർവീസ് റോഡ് പൊട്ടിപ്പിളർന്നതിന് പിന്നാലെ, ജില്ലയിലെ പോരായ്‌മകളും മറനീക്കി പുറത്തേയ്ക്ക്. ദേശീയപാത നിർമ്മാണത്തിന് കായലിൽ നിന്ന് മണ്ണ് ഡ്രഡ്ജ് ചെയ്യാൻ അനുമതിയുണ്ടെങ്കിലും
ഇതിന്റെ മറവിൽ കായൽച്ചെളി ഉപയോഗിച്ചതായി ആക്ഷേപമുണ്ട്.
അടിത്തട്ടിൽ കായൽച്ചെളി നിറച്ച ശേഷം അതിന് മുകളിലാണ് ഗ്രാവലിട്ട് ഉറപ്പിക്കുന്നതെന്നും
ഇത് ഭാവിയിൽ വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ കുറെ ആഴ്ച്ചകളായി കലവൂർ, വളവനാട്, ചേർത്തല, എസ്.എൽ.പുരം ഭാഗങ്ങളിൽ രാത്രിയിൽ വ്യാപകമായി ചെളി കൊണ്ടിറക്കുന്നത് കണ്ടതായും നാട്ടുകാർ പറയുന്നു.
തീരദേശ ജില്ലയിൽ കടലിനോട് ചേർന്നുകിടക്കുന്ന ദേശീയപാതയുടെ നിലനിൽപ്പ് സംബന്ധിച്ചും അവർക്ക് ആശങ്കയുണ്ട്. അടുത്ത വർഷം പകുതിയോടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയപാതയിലൂടെ കണ്ടെയ്നർ അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെയാണ് ഈ അശാസ്ത്രീയ നിർമ്മാണമെന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു.
പരിശോധനയ്‌ക്ക് ആളില്ല
റോഡ് നിർമ്മാണ സാമഗ്രികളുടെ നിലവാരം കൃത്യമായി പരിശോധിക്കുന്നുണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്
മണ്ണ് ഇറക്കുകയും നിർമ്മാണം നടത്തുകയും ചെയ്യുന്ന ഭാഗങ്ങളിലൊന്നും ഗുണമേന്മ പരിശോധിക്കാൻ ഉദ്യോഗസ്ഥരില്ല
പകരം നിർമ്മാണ കമ്പനിയുടെ പ്രതിനിധികളാണ് കാര്യങ്ങൾ നോക്കുന്നത്
സിമന്റോ മറ്റും ഉപയോഗിക്കാതെ പല സ്ഥലങ്ങളിലും സർവീസ് റോഡുകൾ ലോക്ക് കട്ടകൾ കൊണ്ട് ബാരിക്കേഡ് തീർത്താണ് വേർതിരിച്ചിരിക്കുന്നത്.
ചെളിമണ്ണും കടൽ മണ്ണും നിറച്ചാണ് റോഡ് നിർമ്മിക്കുന്നത്. ഇത് ഭാവിയിൽ വലിയ അപകടത്തിന് ഇടയാക്കും
- സെബാസ്റ്റ്യൻ, കലവൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |