കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൻറെ അവസാന ആഴ്ചയിൽ പ്രചാരണം ചൂടുപിടിപ്പിക്കാൻ നേതാക്കൾ കോഴിക്കോട്ടെത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കടപ്പുറത്ത് നടക്കുന്ന എൽ.ഡി.എഫ് റാലി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സെക്രട്ടറി കെ.പ്രകാശ്ബാബു, മുസ്ലിലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഡോ.എം.കെ മുനീർ എം.എൽ.എ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണയോഗങ്ങളിൽ പങ്കെടുത്തു. രാജീവ് ചന്ദ്രശേഖർ ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനാരായണ സെന്റിനറി ഹാളിൽ എൻ.ഡി.എ കോർപ്പറേഷൻ പ്രകടനപത്രിക പ്രകാശനം നിർവഹിക്കും.
കോർപ്പറേഷൻ പിടിക്കാൻ കുടുംബം പിടിക്കണം
യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും കുടുംബയോഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീകളുടെ വോട്ടാണ് ഇത്തരം യോഗങ്ങൾ വഴി ലക്ഷ്യമിടുന്നത്. നേരത്തെ തന്നെ ഇത്തരം യോഗങ്ങൾ സി.പി.എം തുടങ്ങിയിരുന്നു. ഇടതുമുന്നണിയെന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമെ സി.പി.എം സ്വന്തം നിലയ്ക്കും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നുണ്ട്. ജില്ലയിൽ ചുമതല മന്ത്രി പി.എ മുഹമ്മദ് റിയാസിനാണ്. രമേശ് ചെന്നിത്തലയ്ക്കാണ് കോൺഗ്രസിൻറെ ചുമതല. ബി.ജെ.പിയുടെ കോർപ്പറേഷൻ ചാർജ് കെ.സുരേന്ദ്രനാണ്. വിവിധ പരിപാടികളിലും സംഘടനായോഗങ്ങളിലും നേതാക്കൾ സജീവമായി ഇടപെടുന്നുണ്ട്.
വികസനം, വിവാദം
സർക്കാറിന്റെ ഭരണനേട്ടങ്ങളും ക്ഷേമപെൻഷനുകളുടെ വിതരണവും കോർപ്പറേഷനിലെ വികസനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി തുടക്കത്തിൽ മുന്നോട്ടു പോയതെങ്കിൽ ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ഉയർത്തുന്നുണ്ട്. സർക്കാരിന്റെ വീഴ്ചകളും ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളും ശബരിമല സ്വർണപാളി വിഷയവും മറ്റും എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫ് വോട്ടർമാരെ സമീപിച്ചത്. എന്നാൽ ഇപ്പോൾ രാഹുൽ വിഷയത്തിൽ പ്രതിരോധത്തിലായതോടെ സി.പി.എം നേതാക്കളുടെ വിവാദങ്ങളും യു.ഡി.എഫ് ഉപയോഗിക്കുന്നുണ്ട്. കേന്ദ്രസർക്കാരാണ് കേരളത്തിലെ എല്ലാ വികസനത്തിനും കാരണമെന്നാണ് എൻ.ഡി.എ പറയുന്നത്. ശബരിമല വിഷയവും രാഹുൽ വിവാദവും അവർ ഉപയോഗിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |