
പട്ടാമ്പി: ഷൊർണൂർ - നിലമ്പൂർ റെയിൽപാതയ്ക്ക് ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കുലുക്കല്ലൂർ. ഒരു ഭാഗത്ത് തൂതപ്പുഴയും അതിരുപങ്കുവെയ്ക്കുന്നു. രാഷ്ട്രീയ കാറ്റിൽ ഇരുവശത്തേക്കും ചാഞ്ഞ ചരിത്രമാണ് കുലുക്കല്ലുരിന്റേത്. ഇടതും വലതും മാറി മാറി ഭരിച്ചു. നിലവിൽ ഭരണം എൽ.ഡി.എഫിനാണെങ്കിൽ അതിന് മുമ്പ് യു.ഡി.എഫിനായിരുന്നു.
മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ളമേഖലകൾ കുലുക്കല്ലൂരിലുണ്ട്. ഇരുവശത്തേക്കും ചായുന്ന കുലുക്കല്ലൂരിലെ രാഷ്ട്രീയം ഇത്തവണ പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ സുരക്ഷിതം എന്ന് പറയാൻ പറ്റുന്ന വാർഡുകൾ കുറവാണ് ഇരു മുന്നണികൾക്കും. ശക്തി തെളിയിക്കാൻ എസ്.ഡി.പി.ഐയും ബി.ജെ.പിയും മത്സരരംഗത്തുണ്ട്. പ്രധാനമായും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം.
സമഗ്രവികസനത്തിന്റെ അഞ്ചാണ്ട്
നെൽക്കൃഷി ഉത്പാദനം കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു. രണ്ടര പ്പതിറ്റാണ്ടിനുശേഷം ഒന്നാംവിള നെൽക്കൃഷിക്ക് തുടക്കമിട്ടു. സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കി. അപേക്ഷിച്ച മുഴുവൻ ആളുകൾക്കും വീട് ലഭ്യമാക്കി. പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടത്തിനാവശ്യമായ തുക ലഭ്യമാക്കി. പുതിയ ലാബ് ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കി. ആരോഗ്യ ഉപകേന്ദ്രങ്ങൾ നവീകരിച്ചു. ആയുർവേദ ആശുപത്രി നവീകരിച്ചു. വഴിയോര വിശ്രമകേന്ദ്രം യാഥാർത്ഥ്യമാക്കി. ആനക്കൽ ടൂറിസം പദ്ധതിക്കായി 23 എക്കർ റവന്യൂ ഭൂമി ഏറ്റെടുക്കൽ, മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ, ബഡ്സ് സ്‌കൂൾ തുടങ്ങാനായി. പകൽവീട് യാഥാർത്ഥ്യമാക്കി. ചുണ്ടമ്പറ്റ ഗവ. യു.പി സ്‌കൂളിന് സമീപം 95 സെന്റ് സ്ഥലം കണ്ടെത്തി സ്‌കൂളിന്റെയും പഞ്ചായത്തിന്റെയും കൂടി കളിസ്ഥലമാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
-വി.രമണി
(പഞ്ചായത്ത് പ്രസിഡന്റ്)
അഴിമതിയുടെ കൂത്തരങ്ങ്
അഞ്ചുവർഷങ്ങൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജന പക്ഷപാതത്തിന്റെയും ഭരണം. വാർഷിക പദ്ധതികൾ ഏകപക്ഷീയമായ രീതിയിൽ നടപ്പിലാക്കി. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ആശുപത്രിയുടെ പുരോഗതിക്ക്‌വേണ്ടി ഒരു ഇടപെടലും ഉണ്ടായില്ല. ഗ്രാമീണറോഡുകൾക്കുള്ള നിരവധി പദ്ധതികൾ പല സാമ്പത്തിക വർഷങ്ങളിലും ലാപ്സാക്കി കളഞ്ഞു. വ്യക്തിഗത പദ്ധതികളെ അവഗണിച്ചു. പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസമേഖലയിൽ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾക്ക് അത്യാവശ്യമായ സൗകര്യങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ല. പഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്‌കൂളായ ചുണ്ടംപറ്റ സ്‌കുളിന്റെചോർന്നൊലിക്കുന്ന കെട്ടിടത്തിന് പരിഹാരമുണ്ടാക്കാൻ ആവശ്യമായ തുക നൽകിയില്ല. അതേസമയം മറ്റൊരു സ്‌കൂളിന് പത്തുലക്ഷം രൂപ വക യിരുത്തുകയും എന്നാൽ പദ്ധതി നടപ്പാക്കാതെ വിഹിതം ലാപ്സ് ആക്കുകയും ചെയ്തു.
--മിസിത സൂരജ്
(പ്രതിപക്ഷാംഗം)
ആകെ 17 സീറ്റുകൾ
എൽ.ഡി.എഫ് 10
യു.ഡി.എഫ് 7
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |