
നെയ്യാറ്റിൻകര: തിരഞ്ഞെടുപ്പിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം ഉണ്ടായിരിക്കെ താലൂക്കിലും സമീപ പഞ്ചായത്തുകളിലും ഫ്ലക്സ് ബോർഡുകൾ യഥേഷ്ടം ഉപയോഗിക്കുന്നു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലും അതിയന്നൂർ, തിരുപുറം തുടങ്ങിയ സമീപപഞ്ചായത്തുകളിലും റോഡരികിൽ ഉടനീളം ഫ്ളക്സ് ബോർഡുകളുണ്ട്. തുണിയും പോളിഎത്തിലീനും മാത്രമേ പ്രചാരണ ബോർഡുകളായി ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് നിയമം. പെട്രോളിയത്തിൽ നിന്ന് നിർമ്മിക്കുന്ന വാട്ടർപ്രൂഫായ പോളിഎത്തിലീൻ ഷീറ്റ് ഉപയോഗശേഷം എളുപ്പത്തിൽ നശിപ്പിക്കാവുന്നതാണ്.
താലൂക്കിലെ ഫ്ലക്സ് ഉത്പാദക കേന്ദ്രങ്ങളിൽ ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ തിരഞ്ഞെടുപ്പ് പോസ്റ്ററിനായി സൂക്ഷിച്ചിരുന്ന ഒന്നര ടണോളം ഫ്ലക്സ് ഷീറ്റുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇവ നശിപ്പിക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാൽ അവ വാങ്ങിയ സ്ഥലത്തുതന്നെ തിരികെ ഏല്പിക്കാനും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അല്ലാത്തപക്ഷം ഫൈൻ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മൈൽകുറ്റിയിലും ഫ്ലക്സ്
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഫ്ലകസ് ബോർഡുകളും കളർ നോട്ടീസും സ്ഥനാർത്ഥികളുടെ പ്രവർത്തകർ ഒട്ടിക്കുന്നത് തോന്നുംപടി. അതിയന്നൂർ പഞ്ചായത്തിലെ അരംഗമുകൾ പ്രദേശത്ത് സർക്കാർ സ്ഥാപിച്ചിട്ടുള്ള ദിശാസൂചിക ബോർഡുകളിലും മൈൽകുറ്റിയിലും പ്രചാരണ നോട്ടീസുകളും ബോർഡും സ്ഥാപിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |