
ശബരിമല : അതീവ സുരക്ഷാസന്നാഹങ്ങൾക്കിടയിലും ശബരിമലയിലേക്ക് ഇന്നലെ തീർത്ഥാടക പ്രവാഹമായിരുന്നു. ബാബറി മസ്ജിദ് ദിനാചരണത്തിന്റെയും ചെങ്കോട്ട, പുൽവാമ ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ അതിജാഗ്രതയും അതീവസുരക്ഷയുമാണ് ഇന്നലെ ശബരിമലയിലും പമ്പയിലും പ്രധാന ഇടത്താവളങ്ങളിലും കേന്ദ്ര- സംസ്ഥാന സേനകൾ സംയുക്തമായി ഒരുക്കിയിരുന്നത്. ഇതിനെയെല്ലാം മറികടന്ന് ഒരുലക്ഷത്തോളം തീർത്ഥാടകരാണ് ഇന്നലെ മലകയറി ദർശനം നടത്തിയത്. സുരക്ഷാ സേനകളുടെ കൃത്യമായ ക്രമീകരണങ്ങളെ തുടർന്ന് എല്ലാവരും സുഖദർശനം സാദ്ധ്യമാക്കി.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഈ സീസണിൽ നാല് ദിവസം മാത്രമാണ് പ്രതിദിന തീർത്ഥാടകരുടെ എണ്ണം ലക്ഷം കടന്നത്. വെള്ളിയാഴ്ച രാത്രി നടഅടച്ച ശേഷം ആരെയും പതിനെട്ടാംപടി ചവിട്ടാൻ അനുവദിച്ചില്ല. സന്നിധാനത്തിന്റെ സുരക്ഷ പൂർണമായും സായുധ സേനകൾക്കായിരുന്നു. തിരക്കിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ ഉച്ചയ്ക്കും രാത്രിയിലും ദർശന സമയം വർദ്ധിപ്പിച്ചിരുന്നു.
ഇന്നലെ പുലർച്ചെ നടതുറന്നപ്പോൾ ദർശനത്തിന് കാത്തുനിന്നവരുടെ നിര വലിയ നടപ്പന്തലും ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടം വരെ നീണ്ടു. ബേസ് ക്യാമ്പായ നിലയ്ക്കലിൽ തീർത്ഥാടകർക്ക് നിയന്ത്രണമുണ്ടായിരുന്നു. പമ്പയിൽ നിന്ന് സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ മലകയറാൻ അനുവദിച്ചത്. നീലിമല പാതയിലും സ്വാമി അയ്യപ്പൻ റോഡിലും കാനന പാതകളിലും പരിശോധന ശക്തമായിരുന്നു. സന്നിധാനം വലിയ നടപ്പന്തലിലും പതിനാട്ടാംപടിക്ക് താഴെയും തീർത്ഥാകരുടെ ബാഗുകൾ ഉൾപ്പടെ തുറന്ന് പരിശോധിച്ചു. പടികയറി എത്തുന്നവർ കൊടിമരച്ചുവട്ടിലൂടെ നേരിട്ട് ദർശനം നടത്തുന്നത് തടഞ്ഞിരുന്നു. മേലെ തിരുമുറ്റം ഫ്ളൈ ഓവർ വഴിമാത്രമായിരുന്നു ഇന്നലെ ദർശനം. നെയ്യഭിഷേകത്തിനും കടുത്ത നിയന്ത്രണമായിരുന്നു. ആർക്കും നേരിട്ട് ശ്രീകോവിലേക്ക് നെയ്യ് നൽകാൻ അനുമതി ഇല്ലായിരുന്നു. ഭക്തർ കൊണ്ടുവന്ന നെയ്യ് ബോംബ് സ്ക്വാഡിന്റെ പരിശോധനകൾക്ക് ശേഷം ജീവനക്കാർ ശ്രീകോവിലേക്ക് നൽകി അഭിഷേകം നടത്തി തിരികെ നൽകുകയായിരുന്നു. ഇന്നലെ രാത്രി നട അടച്ച ശേഷവും പടി കയറാൻ അനുവദിച്ചില്ല. ഇന്നും ജാഗ്രതാ നിർദ്ദേശമുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുണ്ട്. സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കേരള പൊലീസ്, സി.ആർ.പി.എഫ് - ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് , സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങളാണ് പ്രത്യേക സുരക്ഷ ഒരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |