തൃശൂർ : കോർപറേഷന്റെ ഭരണനേട്ടം എണ്ണിപറഞ്ഞ് മുഖ്യമന്ത്രി. തൃശൂരിൽ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച വോട്ട് വൈബിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വലിയ മുന്നേറ്റങ്ങൾ നഗരത്തിൽ നടത്താനായി. തൃശൂരിനെ സീറോ വേസ്റ്റ് കോർപ്പറേഷൻ എന്ന നിലയിലേക്ക് ഉയർത്തി. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂർ മാറി, രാജ്യം കണ്ട മികച്ച ഫുട്ബാളർ ഐ.എം.വിജയന്റെ പേരിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയമായി. ആകാശപാത, വഞ്ചിക്കുളത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയതൊക്കെ വലിയ നേട്ടമാണ്. പീച്ചി കുടിവെള്ള പദ്ധതി, ഒല്ലൂർ ജല സംഭരണി തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയതും നിലവിലെ ഭരണസമിതിയുടെ കാലത്താണ് എന്നത് ജനം കണ്ടതാണ്. ആരോഗ്യ മേഖലയിലെ വളർച്ചയും ഫലപ്രദമായ ഇടപെടലുമുണ്ടായി. ജനറൽ ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളൊരുക്കി. ലേർണിംഗ് സിറ്റി ആയി യുനെസ്‌കോ അംഗീകാരം ലഭിച്ചതെല്ലാം മാതൃകയാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെ വീടുകൾ ലഭ്യമാക്കിയെന്നും കോർപ്പറേഷൻ നടത്തിയത് നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു മണിക്കൂറോളം സംവദിച്ച് മുഖ്യമന്ത്രി
തൃശൂർ പ്രസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരുമായി സംവദിച്ചു. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ച മുഖ്യമന്ത്രി പലപ്പോഴും ഗൗരവം വെടിഞ്ഞും ചിരിച്ചുമാണ് മറുപടി പറഞ്ഞത്. കൃത്യം പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി പ്രസ് ക്ലബ്ബിൽ എത്തി. കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ബി.ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് ബാലൻ സംസാരിച്ചു. നെറ്റിപ്പട്ടം ചാർത്തിയ ആനയുടെ ഉപഹാരവും പുത്തേഴത്ത് രാമചന്ദ്രൻ എഴുതിയ ശക്തൻ തമ്പുരാൻ എന്ന പുസ്തകവും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് ശക്തനിൽ നടന്ന എൽ.ഡി.എഫിന്റെ കൺവെൻഷനിലും മുഖ്യമന്ത്രി പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |