
തൃശൂർ: സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കണമെന്ന തീരുമാനം സർക്കാരാണ് സ്വീകരിച്ചതെങ്കിലും ഫലപ്രദമായി ഇടപെട്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ കൺവെൻഷൻ ശക്തൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തമ്മിൽ മത്സരമുണ്ടായി. 4.75 ലക്ഷം വീടുകൾ പൂർത്തീകരിക്കാനായത് ഉൾപ്പെടെ ഈ വിധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കർഷക തൊഴിലാളി പെൻഷൻ 2001 മുതൽ 2006 വരെ 28 മാസമാണ് കുടിശികയായത്. എൽ.ഡി.എഫ് സർക്കാരാണ് ആദ്യം പെൻഷൻ 1600ഉം പിന്നീട് 2000 രൂപയും ആക്കിയത്. തൃശൂർ കോർപറേഷന്റെ കഴിഞ്ഞ കാലത്തെ ഭരണം ഫലപ്രദമായിരുന്നെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖം, ഗെയിൽ പൈപ്പ് ലൈൻ, വാട്ടർ മെട്രോ, വൈദ്യുത പ്രസരണ രംഗത്തെ കുതിച്ചുചാട്ടം, കാർഷിക വ്യവസായിക അഭിവൃദ്ധി എന്നിവയെല്ലാം ഉണ്ടായത് ഇടതുപക്ഷത്തിന് സംസ്ഥാനത്ത് തുടർഭരണം കിട്ടിയതിനാലാണ്. രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളം രണ്ടാം വർഷവും തുടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി, വയനാട് തുരങ്ക പാത എന്നിവ ഉടൻ യാഥാർത്ഥ്യമാകും. കോവളം മുതൽ ചേറ്റുവ വരെയുള്ള ജലപാത ഉടൻ സഞ്ചാരയോഗ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. റവന്യൂമന്ത്രി കെ. രാജൻ, വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, യു.പി. ജോസഫ്, ജോൺ വർഗീസ്, സി.ആർ. വത്സൻ, സി.എൽ. ജോയ്, എം.എം. വർഗീസ്, എം.കെ കണ്ണൻ, കെ. രവീന്ദ്രൻ, പി.കെ. ഷാജൻ തുടങ്ങിയവർ സംബന്ധിച്ചു. എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് മാനിഫെസ്റ്റോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |