തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം തദ്ദേശ തിരഞ്ഞെടുപ്പിൽ നിലനിറുത്തുകയെന്ന വെല്ലുവിളി മറികടക്കാൻ ബി.ജെ.പി. വിജയം അഭിമാനപ്രശ്‌നമായതിനാൽ ഖുശ്ബുവിനെയടക്കം നേതാക്കളെ തൃശൂരിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. നിലവിൽ ആറ് കൗൺസിലർമാരാണ് കോർപറേഷനിലുള്ളത്. ആ സംഖ്യ മറി കടക്കണം.
സുരേഷ് ഗോപി നേടിയ വിജയത്തിന്റെ കണക്കെടുത്താൽ കോർപറേഷനടക്കം പല പഞ്ചായത്തുകളിലും ഭരണം പിടിക്കാനാകും.
ആറ് നിയോജക മണ്ഡലത്തിലാണ് സുരേഷ് ഗോപി ഒന്നാമതെത്തിയത്. ഗുരുവായൂരിൽ മാത്രമാണ് പിന്നിൽ പോയത്. തൃശൂർ, ഒല്ലൂർ, മണലൂർ, ഇരിങ്ങാലക്കുട, പുതുക്കാട്, നാട്ടിക എന്നീ മണ്ഡലങ്ങളിൽ സുരേഷ് ഗോപിക്കായിരുന്നു ഭൂരിപക്ഷം. തൃശൂർ മണ്ഡലത്തിൽ കോർപറേഷനിലെ 34 ഡിവിഷനിൽ മറ്റ് സ്ഥാനാർത്ഥികളേക്കാൾ കൂടുതൽ വോട്ട് നേടി. ഈ വോട്ടുകൾ നിലനിറുത്തുകയെന്നതാണ് മറ്റൊരു അഭിമാന പ്രശ്‌നം.
എന്നാൽ സുരേഷ് ഗോപി പ്രചാരണത്തിന് വേണ്ട രീതിയിലെത്തുന്നില്ലെന്ന പരാതി ബി.ജെ.പി പ്രവർത്തകർക്ക് തന്നെയുണ്ട്. കേന്ദ്രസഹമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനായി സുരേഷ് ഗോപിയെ നിയോഗിച്ചിട്ടുണ്ട്. അതിനാലാണ് തൃശൂർ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തതെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. അദ്ദേഹം സ്ഥിരമായി എത്തുന്നില്ലെങ്കിലും പ്രവർത്തനം വോട്ടായി മാറുമെന്നാണ് അവരുടെ പ്രതീക്ഷ. കോർപറേഷനിൽ ആറ് കൗൺസിലർമാർ ഉണ്ടായിരുന്നെങ്കിലും രണ്ട് മുന്നണിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആർക്കും പിന്തുണ നൽകാതെയാണ് നിന്നത്. സ്വതന്ത്രന്റെ പിന്തുണയിൽ എൽ.ഡി.എഫ് ഭരണം നടത്തിയിട്ടും ബി.ജെ.പി പിന്തുണ പ്രശ്‌നമാകുമെന്ന ചിന്തയിൽ യു.ഡി.എഫും അവിശ്വാസപ്രമേയം പോലും നൽകാതെ കാലം കഴിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിലവിൽ. സുരേഷ് ഗോപിയുടെ പെരുമാറ്റം ജനങ്ങൾക്ക് മാത്രമല്ല ബി.ജെ.പി നേതാക്കൾക്ക് പോലും ഇഷ്ടപെടുന്നില്ല.
പി.കെ. ചന്ദ്രശേഖരൻ
എൽ.ഡി.എഫ് കൺവീനർ
ഇത്തവണ വിജയം ഞങ്ങളെ തുണക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെയല്ല തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളെ ജനം നോക്കിക്കാണുന്നത്.
ടി.വി. ചന്ദ്രമോഹൻ
യു.ഡി.എഫ് ചെയർമാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |