
തൃശൂർ: വടക്കുന്നാഥന്റെ തെക്കേ ഗോപുര നടയിൽ മേളവും ഡി.ജെയും വെടിക്കെട്ടും കൊടികളും കാവടികളുമായി തദ്ദേശപ്പോരിന്റെ പ്രചാരണക്കലാശത്തിന് മുന്നണികൾ അണിനിരന്നപ്പോൾ ആവേശം വാനോളമായി.കോർപറേഷന്റെ മുൻപിലെ എം.ഒ റോഡിൽ എൽ.ഡി.എഫും സ്വരാജ് റൗണ്ടിൽ ജോസ് തിയേറ്ററിന് സമീപം യു.ഡി.എഫും രാഗം തിയേറ്ററിന് മുൻപിൽ എൻ.ഡി.എയും രണ്ടുമണിക്കൂർ നേരം കലാശക്കൊട്ട് കൊട്ടിക്കയറി.
തെക്കേ ഗോപുരനടയ്ക്ക് താഴെ നിന്നും സ്വരാജ് റൗണ്ട് വരെയുള്ള വടക്കുന്നാഥ ക്ഷേത്രം മൈതാനിയിൽ പൊതുജനങ്ങളും പ്രചാരണപ്പൂരം നേരിൽ കാണാനെത്തി. വൈകിട്ട് മൂന്നോടെ സ്വരാജ് റൗണ്ടിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്കും ബസുകൾക്കും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നാലോടെ എൻ.ഡി.എയാണ് ആദ്യം കലാശക്കൊട്ടിനെത്തിയത്. തൊട്ടുപിന്നാലെ യു.ഡി.എഫും പിന്നീട് എൽ.ഡി.എഫും യഥാസ്ഥാനത്തെത്തി.
നവംബർ പത്തിന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ പ്രചാരണത്തിനാണ് ഇന്നലെ സമാപനമായത്. ഇന്ന് നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജില്ല ബൂത്തിലെത്തും. സ്വരാജ് റൗണ്ടിൽ നടന്ന കോർപറേഷൻ തല കൊട്ടിക്കലാശത്തിന് പുറമെ ചെറിയ കേന്ദ്രങ്ങളിലും ആവേശപൂർവമാണ് പ്രചാരണക്കലാശം. സ്വരാജ് റൗണ്ടിൽ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖ് ഉൾപ്പെടെ എത്തിയാണ് സുരക്ഷ ഒരുക്കിയത്.
എൽ.ഡി.എഫ്
സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് കൊട്ടിക്കലാശത്തിനെത്തിയത്. സ്ഥാനാർത്ഥിയുടെ ചിത്രം വയറിൽ ആലേഖനം ചെയ്ത പുലിവേഷങ്ങളും നാസിക് ഡോളും പാണ്ടയും കരടിവേഷങ്ങളും വലിയ കൊടികളും പ്ലക്കാർഡുകളും എല്ലാം ഉൾപ്പെടുന്നതായിരുന്നു എൽ.ഡി.എഫ് സംഘം. ഇടയ്ക്കിടെ ആകാശത്തേക്ക് കടലാസ് പീരങ്കിയും നിറയൊഴിച്ച് സായാഹ്നത്തെ കൂടുതൽ ചുമന്ന ശോഭ നൽകി. ഒടുവിൽ ചെറു ചൈനീസ് വെടിക്കെട്ടോടെ കൊട്ടിക്കലാശത്തിന് സമാപനം കുറിച്ചു.
യു.ഡി.എഫ്
കോർപറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന രാജൻ ജെ. പല്ലനാണ് യു.ഡി.എഫ് പ്രചാരണത്തെ മുന്നിൽ നിന്നും നയിച്ചത്. ഡി.ജെ പാട്ടും നാസിക് ഡോളും സ്ഥാനാർത്ഥിച്ചിത്രം കുടവയറിൽ പതിച്ച പുലിവേഷങ്ങളും ബലൂണുകളും ഇടയ്ക്കിടെ ഉയർന്നുപൊങ്ങുന്ന കടലാസ് അമിട്ടും എല്ലാം യു.ഡി.എഫ് സംഘത്തെ ആവേശത്തിലാക്കി. കൈയിൽ നിന്നും പറത്തിവിടുന്ന ബലൂൺ കൂട്ടവും ഇടയ്ക്കിടെ ഉയർന്നു പൊങ്ങി. ഏറ്റവുമൊടുവിൽ പത്തുമിനിറ്റോളം നിറുത്താതെ ചൈനീസ് കരിമരുന്ന് പ്രയോഗവും നടത്തിയായിരുന്നു സമാപനം.
എൻ.ഡി.എ
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നേരിട്ടെത്തിയാണ് കൊട്ടിക്കലാശം ആവേശത്തിലാക്കിയത്. പൂക്കാവടികളും പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും കട്ടൗട്ടുകളുമായി എത്തിയ പ്രവർത്തർ ശിങ്കാരിമേളത്തിന്റെ താളത്തിനൊപ്പം ആവേശനൃത്തം ചവിട്ടി. ഇടയ്ക്കിടെ ഉയർന്നുപൊങ്ങിയ കടലാസ് പീരങ്കി ആവേശം വാനോളം ഉയർത്തി. സിനിമാ പാട്ടിനൊപ്പം ഡി.ജെ ലൈറ്റും മിന്നിത്തിളങ്ങിപ്പോൾ പ്രചാരണപ്പൂരത്തിന്റെ കലാശത്തിൽ ആനന്ദനൃത്തം തന്നെ പിറന്നു. ഒടുവിൽ കൃത്യം ആറിന് കലാശക്കൊട്ടിന് സമാപനമായി.
സ്ഥാനാർത്ഥികളിലും വോട്ടർമാരിലും
വനിതകൾ മുന്നിൽ
തൃശൂർ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളിലും വോട്ടർമാരിലും വനിതകൾ മുന്നിൽ. ജില്ലയിലെ ആകെ 27,36,817 വോട്ടർമാരിൽ 14,59,670 പേർ സ്ത്രീകളാണ്. 12,77,120 പേരാണ് പുരുഷ വോട്ടർമാർ. ജില്ലയിൽ 111 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 2204 വാർഡുകളിൽ 7208 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 3813 പേരും വനിതകളാണ്. 3395 പേരാണ് പുരുഷ സ്ഥാനാർത്ഥികൾ. കന്നിവോട്ടർമാർ 54204 പേരാണ്. 27 വോട്ടർമാർ ഭിന്നലിംഗക്കാരും 280 പ്രവാസി വോട്ടർമാരുമുണ്ട്. 3282 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പോളിംഗ് ഡ്യൂട്ടിക്കായി 15,753 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 3282 പ്രിസൈഡിംഗ് ഓഫീസർമാരും 3282 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 6564 പോളിംഗ് ഓഫീസർമാരുമുണ്ടാകും. 20 ശതമാനം ഉദ്യോഗസ്ഥരെ റിസർവായും നിയമിച്ചിട്ടുണ്ട്. 4557 പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്കുണ്ടാകും. ജില്ലയിൽ ആകെ 24 വോട്ടിംഗ് മെഷീൻ വിതരണ കേന്ദ്രങ്ങളാണുള്ളത്.
ഒരുക്കങ്ങൾ പൂർണം: കളക്ടർ
തൃശൂർ: നാളെ നടക്കുന്ന വോട്ടിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഇന്ന് രാവിലെ ആറു മുതൽ 48 മണിക്കൂറും കൗണ്ടിംഗ് ദിനമായ 13 ഉം ഡ്രൈഡേ ആയിരിക്കും. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. നാളെ രാവിലെ ഏഴു മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം. ആറു വരെ വരിയിലുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകുമെന്നും കളക്ടർ അറിയിച്ചു. പോളിംഗ് സ്റ്റേഷൻ, വിതരണ സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ നാളെ ജില്ലയിലെ എല്ലാ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയാണ്. പോളിംഗ് ഉദ്യോഗസ്ഥർക്ക് 12ന് ഡ്യൂട്ടി ലീവ് അനുവദിച്ചു. സ്ട്രോംഗ് റൂമും കൗണ്ടിംഗ് സ്റ്റേഷനുകളുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 12ന് അവധിയാണ്.
13ന് രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും. റിട്ടേണിംഗ് ഓഫീസറായ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിലാകും ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |