
തൃക്കരിപ്പൂർ: സപ്തതി പിന്നിട്ട ശേഷം കന്നി വോട്ട് ചെയ്ത് ഒളവറ എ.കൃഷ്ണൻ. നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതമാണ് കൃഷ്ണന് ഇതുവരെ വോട്ടു ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ. ഇന്നലെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ ഉളിയം പതിമൂന്നാം വാർഡിലെ ഒളവറ സങ്കേത ഗവ യു.പി. സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ755 -ാംനമ്പർ വോട്ടറായി എഴുപത്തിരണ്ടാം വയസ്സിലാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
മുപ്പതാം വയസ്സു മുതൽ കുവൈറ്റിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. അതിന് മുൻപ് മംഗലാപുരത്തായിരുന്നു. അതുകൊണ്ട് തന്നെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനോ സമ്മതിദാനാവകാശം നിറവേറ്റാനോ കഴിഞ്ഞില്ല. വല്ലപ്പോഴും അവധി ആഘോഷിക്കാൻ നാട്ടിലെത്താറുണ്ടെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് കാലത്തായിരുന്നില്ല. അതുകൊണ്ടുതന്നെ ബാലറ്റ് പേപ്പറോ വോട്ടിംഗ് മെഷിനോ ഇതുവരെ കാണാൻ പോലും ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കുവൈത്തിൽ നിന്ന് മടങ്ങിയതിന് ശേഷമാണ് ഇദ്ദേഹത്തിന് വോട്ട് ചേർക്കാനായത്. ഭാര്യ ഇന്ദിര,മക്കളായ പ്രിയങ്ക, പ്രിയേഷ് , പ്രീതി എന്നിവരോടൊപ്പമാണ് കൃഷ്ണൻ തന്റെ ജീവിതത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |