ബെയ്ജിംഗ്: കാശ്മീർ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാൻ താത്പര്യത്തെ പിന്തുണയ്ക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്.
'ചൈന-പാക് സൗഹൃദം പാറപോലെ ഉറച്ചതാണെന്നും അന്താരാഷ്ട്ര പ്രാദേശിക വിഷയങ്ങളിൽ എന്തു മാറ്റമുണ്ടായാലും സൗഹൃദത്തിൽ വിള്ളലുണ്ടാവില്ലെന്നും ജിൻപിങ്, ചൈനയിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് ഉറപ്പു നൽകിയതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജിൻപിങ് നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. മോദി-ജിൻപിങ് രണ്ടാമത് അനൗദ്യോഗിക ഉച്ചകോടി ചെന്നൈ മാമല്ലാപുരത്താണ് നടക്കുക.
ചൈനീസ് സർക്കാരിന്റെ അതിഥിമന്ദിരത്തിലായിരുന്നു ജിൻപിങ്- ഇമ്രാൻ കൂടിക്കാഴ്ച. കാശ്മീർ വിഷയത്തിൽ ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ജിൻപിങ് പറഞ്ഞു. പാകിസ്ഥാന്റെ സ്വതന്ത്ര പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ചൈനയുടെ പിന്തുണയുണ്ടാകും എന്ന് പ്രധാനമന്ത്രി ലീ കെഖ്യാങ് ഇമ്രാൻ ഖാനെ അറിയിച്ചിരുന്നു.
ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്നാണ് കാശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് പ്രശ്നം രൂക്ഷമാകുന്നത്. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ചൈന ഇതുവരെ പരസ്യനിലപാടെടുത്തിട്ടില്ല.
'ഇന്ത്യയും ചൈനയും അന്യോന്യം പ്രധാനപ്പെട്ട അയൽരാജ്യങ്ങളാണ്. രണ്ടു രാജ്യങ്ങളും വളർന്നുവരുന്ന പ്രധാന വിപണികളുമാണ്. വുഹാൻ ഉച്ചകോടിക്ക് ശേഷം ഇന്ത്യ - ചൈന ബന്ധം ഏറെ മുന്നേറി. ഇരു രാജ്യങ്ങളും തമ്മിൽ പല മേഖലകളിലും സഹകരണം വിപുലീകരിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു'- ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
ചരിത്രഗരിമയിൽ മാമല്ലാപുരം
ചെന്നൈയിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള, ഏഴാം നൂറ്റാണ്ടിലെ പൈതൃക നഗരമായ മാമല്ലാപുരത്താണ് ഇന്ത്യ-ചൈന നേതാക്കളുടെ സംഗമം.
നാളെ രാവിലെ 11 നാണ് ചൈനീസ് പ്രസിഡന്റ് ചെന്നൈയിലെത്തുക. പിന്നീട് അദ്ദേഹം മാമല്ലാപുരത്തേക്ക് പോകും. പല്ലവ രാജവംശത്തിന്റെ കാലത്തെ നിർമിതികളാണ് മാമല്ലാപുരത്തുള്ളത്. കടലോര ക്ഷേത്രത്തിലെ ഭക്ഷണ ശേഷം മോദിയും ചൈനീസ് പ്രസിഡന്റും സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കും. ശനിയാഴ്ചയാകും പ്രതിനിധി ചർച്ചകൾ. അതിർത്തി, കാശ്മീർ, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |