
ആലപ്പുഴ: ദേശീയപാതയിലെ നിർമ്മാണം കാരണമുള്ള പൊടിശല്യം യാത്രക്കാരെയും
നാട്ടുകാരെയും ഒരുപോലെ ഉറക്കം കെടുത്തുന്നു. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പൊടിയടിച്ച് കയറാൻ തുടങ്ങിയതോടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാൽ വലയുകയാണ് പലരും. ഇരുചക്രവാഹനയാത്രക്കാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്.
ദേശീയപാതയിൽ ആരൂർ-തുറവൂർ വരെയും, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങിയ ഭാഗങ്ങളിലെ വീട്ടുകാരും സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം കനത്ത പൊടിശല്യം കാരണം ആരോഗ്യ പ്രശ്നത്തിലാണ്. വീടുകളും കടകളും മറച്ച് നെറ്റ് കെട്ടിയെങ്കിലും ഇതിനൊരു ശാശ്വത പരിഹാരവുമാകുന്നില്ല. മഴമാറി വെയിൽ വന്നതോടെയാണ് പൊടിശല്യം വർദ്ധിച്ചത്.
ദേശീയപാത കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മറ്റ് റോഡുകളിലും സമാനമായ പ്രശ്നമാണ്. ആലപ്പുഴയിലെ നഗരത്തിന്റെ ഹൃദയഭാഗമായ കോടിപ്പാലത്തിന്റെ നിർമ്മാണം നടക്കുന്നിടത്തും അസഹനീയമായ വിധം പൊടി പറക്കുകയാണ്. പൊടി നിയന്ത്രിക്കുന്നതിന് റോഡിൽ വെള്ളം തളിക്കാൻ പോലും നിർമ്മാണ കമ്പനികൾ തയ്യാറാവുന്നില്ല. പലയിടത്തും കടക്കാരാണ് റോഡിൽ വെള്ളം തളിച്ച് പൊടി നിയന്ത്രിക്കുന്നത്.
ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കും
1.ദേശീയപാതയ്ക്ക് ഇരുവശങ്ങളിലെയും വീടുകളിലും സ്ഥാപനങ്ങളിലുമുള്ളവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണ്. ശ്വസതടസം, അലർജി, കണ്ണുചൊറിച്ചിൽ, ചുമ എന്നിവ കാരണം വലിയ പ്രശ്നത്തിലൂടെയാണ് അവരിൽ പലരും കടന്നുപോകുന്നത്
2.ബസ് ഡ്രൈവർമാർ, ട്രാഫിക് പൊലീസുകാർ, ഇരുചക്രവാഹനയാത്രക്കാർ എന്നിവരാണ് പ്രധാന ഇരകൾ. ശ്വാസംമുട്ടലും ചുമയും കാരണം വീട്ടിലെത്തിയാൽ
പോലും ഇവർക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്
3.വഴയോരകച്ചവടക്കാർ രണ്ട് മാസ്ക് വരെ ധരിച്ചാണ് പൊടിയിൽ നിന്ന് രക്ഷനേടുന്നത്.എന്നിട്ടും പലർക്കും ഇൻഹേലർ എല്ലാ ദിവസവും ഉപയോഗിക്കാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്
4. പൊടിശല്യം ആസ്മ, ന്യുമോണിയ എന്നിവയുള്ളവർക്ക് അത് വർദ്ധിക്കും.സി.പി.ഒ.ഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമനറി ഡിസീസ് ) എന്ന അസുഖം വരാനും സാദ്ധ്യതയുണ്ട്. റോഡിൽ വെള്ളം തളിച്ചാൽ ഒരുപരിധിവരെ
പൊടിശല്യത്തിന് ആശ്വാസമാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |