
ആലപ്പുഴ: ആഡംബരകാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി, സ്കൂട്ടർ യാത്രികനായ യുവാവിന്റെ കാലൊടിഞ്ഞു. ഓട്ടോറിക്ഷഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ആലപ്പുഴ വട്ടപ്പള്ളി ജാസിന മൻസിലിൽ ജെസീറിന്റെ മകൻ ജെസി ജാസിനെ (22) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്തായിരുന്നു സംഭവം. അമ്പലപ്പുഴ ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വന്ന ബി.എം.ഡബ്ല്യുകാറാണ് അപകടമുണ്ടാക്കിയത്. ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ ഭാഗത്തേക്ക് മീൻ ബോക്സിലാക്കി ഓൺലൈൻ വിൽപനക്കായി പോയ സ്കൂട്ടറിലാണ് ആദ്യം ഇടിച്ചത്. ഇതിന് പിന്നാലെ നിയന്ത്രണംവിട്ട് അതേദിശയിൽ സഞ്ചരിച്ച ഓട്ടോയിലും ഇടിച്ചാണ് കാർ നിന്നത്. മീൻ റോഡിൽ ചിതറി. ഇതിന് പിന്നാലെ ഗതാഗതതടസവുമുണ്ടായി. ഇടിച്ചിട്ട അതേവാഹനത്തിൽ തന്നെയാണ് പരിക്കേറ്റ യുവാവിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കായംകുളം രജിസ്ട്രേഷനിലുള്ള ബി.എം.ഡബ്ല്യു കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |