
കൊല്ലം: ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളി കവർന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ കൊല്ലം വിജിലൻസ് കോടതി, രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന്റെ ജാമ്യഹർജി വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് തള്ളി.
മുരാരി ബാബുവിനെ ദ്വാരപാലക കേസിലും ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളി കേസിലുമാണ് കസ്റ്റഡിയിൽ വിട്ടത്. പുതുതായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മുരാരി ബാബുവിന്റെ ഫോൺ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. മുഖം തിരിച്ചറിഞ്ഞ് തുറക്കാൻ കഴിയുന്ന വിധത്തിലാണ് ഫോൺ ലോക്ക് ചെയ്തിട്ടുള്ളത്. ഫോൺ തുറന്ന് പരിശോധിക്കാനും മുരാരിബാബു കസ്റ്റഡിയിൽ വേണം.
കസ്റ്റഡിയിൽ ലഭിച്ച ഇരുവരെയും ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യാനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കട്ടിളപ്പാളിയിലെയും ദ്വാരകപാലക ശില്പത്തിലെയും സ്വർണം കവർന്ന കേസിൽ പ്രതിയാണ് ഡി.സുധീഷ് കുമാർ. രണ്ട് കേസുകളിലും സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഇന്നലെ തള്ളിയത്. കട്ടിളപ്പാളിയുടെയും ദ്വാരപാലകശില്പത്തിന്റെയും കസ്റ്റോഡിയൻ തിരുവാഭരണ കമ്മിഷണർ ആണെന്നായിരുന്നു സുധീഷ് കുമാറിന്റെ വാദം. എക്സിക്യുട്ടീവ് ഓഫീസർക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിജു രാജൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |