
ന്യൂഡൽഹി: ആർ.എസ്.എസ് രീതി മാതൃകാപരമാണെന്ന മുതിർന്ന നേതാവും എം.പിയുമായ ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവനയിൽ പ്രതിരോധത്തിലായി കോൺഗ്രസ്. വിവാദമായതോടെ ദിഗ്‌വിജയ് സിംഗ് മലക്കംമറിഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ച ഗാന്ധി കുടുംബത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ അപലപിക്കുന്നതായും അദ്ദേഹം ഇന്നലെ പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ താഴെത്തട്ടിൽ നിന്ന് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
ശക്തമായ ഒരു സംഘടനാ ചട്ടക്കൂടിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനൊപ്പം ആർ.എസ്.എസിനെയും പ്രധാനമന്ത്രി മോദിയെയും ശക്തമായി എതിർക്കുന്നു. തന്റെ പ്രസ്‌താവന തെറ്റിദ്ധരിക്കപ്പെട്ടു. സംഘടനയെ ശക്തിപ്പെടുത്തുകയും പ്രശംസിക്കുകയും ചെയ്യുന്നത് മോശമല്ലെന്നും ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചു.
താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാൻ കഴിയുംവിധം മികച്ചതാണ് ആർ.എസ്.എസിന്റെ സംഘടനാ ശക്തിയെന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ വിവാദ പരാമർശം. കോൺഗ്രസിൽ പരിഷ്‌കാരവും അധികാര വികേന്ദ്രീകരണവും അനിവാര്യമെന്ന് ഏതാനും ദിവസം മുൻപ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണിത്. പരാമർശം കോൺഗ്രസിനെതിരെ ബി.ജെ.പി ആയുധമാക്കി.
വെറുപ്പിനാൽ
സൃഷ്ടിക്കപ്പെട്ടത്
പ്രതിരോധത്തിലായ കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസ് വിരുദ്ധ പ്രസ്‌താവനയുമായി രംഗത്തെത്തി. ഗോഡ്‌സെയെയും ഗാന്ധിയെയും ഒന്നിച്ച് കാണാനാകില്ലെന്ന് കോൺഗ്രസ് മാദ്ധ്യമ വിഭാഗം മേധാവി പവൻ ഖേരയും അൽ ക്വയ്‌ദയെപ്പോലെ വെറുപ്പിനാൽ സൃഷ്‌ടിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസെന്ന് മണിക്കം ടാഗോർ എം.പിയും പറഞ്ഞു. ഗോഡ്‌സെയുടെ സംഘടനയിൽ നിന്ന് കോൺഗ്രസ് ഒന്നും പഠിക്കേണ്ടതില്ലെന്ന് മുതിർന്ന നേതാവ് സുപ്രിയ ശ്രീനേറ്റ് അഭിപ്രായപ്പെട്ടു.
സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകണമെന്നാണ് സിംഗ് ഉദ്ദേശിച്ചത്. പാർട്ടി ശക്തിപ്പെടണമെന്നും അച്ചടക്കം പ്രധാനമാണെന്നും താൻ കരുതുന്നു.
ശശി തരൂർ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |