
ആലുവ: ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീയണച്ചത്. ഇന്നലെ വൈകിട്ട് 5.10ഓടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ ദേശാഭിവർദ്ധിനി സഹകരണ ബാങ്കിലേക്കും സ്വകാര്യ കാർ ഷോറൂമിലേക്കും തീപടരാതിരുന്നത് ഭാഗ്യമായി. അഗ്നിശമനസേന തീവ്രപരിശ്രമം നടത്തിയതിനാൽ തീപടർന്നില്ല. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്റെതാണ് ആക്രിസാധനങ്ങൾ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനും കണ്ടെയ്നറും ഉൾപ്പെടെ വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകളും കോപ്പർകേബിളുകളുമാണ് കൂടുതൽ ഉണ്ടായിരുന്നത്.
ടയറുകൾക്കൊപ്പം ഡിസ്കും ലീഫുമെല്ലാം ഉണ്ടായിരുന്നു. ഏകദേശം ഒരേക്കറോളം സ്ഥലത്താണ് ആക്രി സൂക്ഷിച്ചിരുന്നത്.
തീയണക്കാനെത്തിയ ടാങ്കറിലെ വെള്ളം തീർന്നതും തീയണക്കൽ വൈകിപ്പിച്ചു. സമീപത്തെ അഗ്നിശമന യൂണിറ്റുകളിൽ നിന്നും ടാങ്കറുകൾ വിളിച്ചെങ്കിലും ഗതാഗതകുരുക്ക് മൂലം വൈകിയാണ് എത്തിയത്. ഈ സമയത്തും തീ ആളിപടരുകയായിരുന്നു.
ആലുവ അഗ്നിശമന സേനയുടെ രണ്ട് ടങ്കറുകളിൽ ഒന്ന് ശബരിമലയിലാണ്. അവശേഷിക്കുന്ന ഒന്നാണ് ആലുവയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. തീപിടിച്ച സ്ഥലത്തുനിന്നും ഒരുകിലോമീറ്റർ മാത്രമാണ് ആലുവ അഗ്നിശമന നിലയത്തിലേക്കുള്ളത്. തീപിടിച്ച ഉടനെ വാഹനം പാഞ്ഞെത്തിയെങ്കിലും വെള്ളം തീർന്നതോടെ തിരിച്ചുപോയി നിറക്കേണ്ടിവന്നു. ഏലൂർ, പെരുമ്പാവൂർ, തൃക്കാക്കര, പറവൂർ, അങ്കമാലി യൂണിറ്റുകളും തീയണക്കാൻ എത്തി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |