കോഴിക്കോട്: ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്താൽ അവിടെ ബി.ജെ.പി ഭരണത്തിലെത്തുന്ന സ്ഥിതിയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ. ശൈലജ. കോഴിക്കോട്ട് മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോൺഗ്രസിന് ബി.ജെ.പിയാവാൻ നിമിഷങ്ങൾ മതി. കൈപ്പത്തിയെ താമരയാക്കി മാറ്റാൻ കൂട്ടത്തോടെ കൂറ് മാറിയത് മറ്റത്തൂരിൽ ജനം കണ്ടു. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം വർദ്ധിച്ചിരിക്കുകയാണ്. കോൺഗ്രസും ബി.ജെ.പിയും ഒരേ അടിത്തറയിൽ നിന്ന് ഉയർന്ന് വന്നവരാണ്. അവരുടെ നയങ്ങൾ ജനാധിപത്യവും സോഷ്യലിസവും ഇല്ലാതാക്കും. സ്ത്രീ വിരുദ്ധ ആശയങ്ങൾ പിന്തുടരുന്ന ഇവർ സ്ത്രീ വിമോചനത്തിന് വഴിയൊരുക്കില്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും കോൺഗ്രസും ബി.ജെ.പിയും വൻ തോതിൽ പണം ഒഴുക്കിയതും നുണപ്രചാരണം നടത്തിയതും പരിഗണിക്കുമ്പോൾ ഇടത്പക്ഷം പിടിച്ചു നിന്നു എന്ന് പറയാനാവു അവർ പറഞ്ഞു. സമ്മേളനത്തിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. സതീദേവി, സംസ്ഥാന സെക്രട്ടറി സി. എസ് സുജാത, പി.പി.ദിവ്യ, എം. സുമതി തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കെതിരെയും സ്ത്രീവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേയും അണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |