
ആലപ്പുഴ : നെല്ല് സംഭരണത്തിൽ മില്ലുകാരുടെ ചൂഷണത്തിന് മൂക്കുകയറിടാനുള്ള സപ്ളൈകോ നീക്കത്തിന് തിരിച്ചടിയായി നെല്ലുണക്കാനുള്ള സൗകര്യത്തിന്റെ അപര്യാപ്തത. നെല്ല് ഏറ്റെടുത്ത് പതിര് വേർതിരിച്ച് ഉണക്കി സഹകരണ സംഘങ്ങളുടെ ഗോഡൗണുകളിൽ സംഭരിക്കാനുള്ള ബദൽ പദ്ധതിയെപ്പറ്റിയാണ് സപ്ളൈകോ കഴിഞ്ഞ ദിവസം ചർച്ച ചെയ്തത്.
കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാംകൃഷിയിലേതുപോലെ പരിമിതമായ മില്ലുകാർ എത്തുകയും സംഭരണം നീളുകയും ചെയ്താൽ വേനൽ മഴയും കാലവർഷവും തരണം ചെയ്ത് നെല്ല് ഉണക്കാനും സൂക്ഷിക്കാനുമുള്ള സംവിധാനം വേണം.നെല്ല് കുത്തി അരിയാക്കുന്നതിന് മോഡേൺ മില്ലുകളില്ലാത്ത ആലപ്പുഴയിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള മില്ലുകളെയാണ് സംഭരണത്തിനായി സപ്ളൈകോ ചുമതലപ്പെടുത്തുന്നത്. നൂറ് കിലോ നെല്ല് കുത്തിയാൽ 68 കിലോ അരി ലഭിക്കണമെന്നാണ് മില്ലുകാരുടെ കണക്ക്. പതിരിന്റെ പേരിൽ കർഷകരിൽ നിന്ന് പരമാവധി കിഴിവ് വാങ്ങലാണ് മില്ലുകാരുടെ തന്ത്രം.നിലവിൽ രണ്ട് ശതമാനം (അതായത് ക്വിന്റലിന് രണ്ട്കിലോ) കിഴിവിൽ നെല്ല് നൽകാൻ കർഷകർ തയ്യാറാണ്. എന്നാൽ, കൂടുതൽ കിഴിവ് ആവശ്യപ്പെടുമ്പോഴാണ് കർഷകരുമായി തർക്കത്തിന് ഇടയാകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് സീസൺതോറുമെത്തുന്ന ഗുണനിലവാരമില്ലാത്ത കൊയ്ത്ത് മെഷീനുകളാണ് പതിര് വർദ്ധിക്കാൻ കാരണമെന്നാണ് കർഷകരുടെ ആക്ഷേപം.മെതിക്കുന്ന സമയത്ത് മെഷീനിൽ നിന്ന് പതിരടിച്ച് കളയുന്ന സംവിധാനമുണ്ട്. എന്നാൽ, പഴഞ്ചൻ മെഷീനുകളാണ് ഇവിടെ എത്തിക്കുന്നതെന്നതിനാൽ
അത് സാദ്ധ്യമല്ല. ഏറ്റവും കൂടുതൽ നെല്ലുൽപ്പാദനമുള്ള സ്ഥലങ്ങൾ കേന്ദ്രമാക്കി നെല്ല് നിരത്തി ഉണക്കാനും വാരി സൂക്ഷിക്കാനും യാർഡും സംഭരണ കേന്ദ്രങ്ങളും കൃഷി വകുപ്പോ സപ്ളൈകോയോ സജ്ജമാക്കേണ്ടതുണ്ട്.
നെല്ല് ഉണക്കാൻ സൗകര്യമില്ല
1. കുട്ടനാട്ടിൽ കൊയ്തെടുത്ത നെല്ല് പാടത്ത് തന്നെ ടാർപോളിനിൽ നിരത്തിയാണ് ഉണക്കുന്നത്
2. നെല്ലിലെ ഈർപ്പത്തോത് കുറയ്ക്കുന്നതിനും കിളിർപ്പ് ഒഴിവാക്കുന്നതിനും മതിയായ രീതിയിൽ ഉണക്കി സൂക്ഷിക്കണം
3. മില്ലുകളിലേതുപോലെ ഡ്രൈയറോ സൂക്ഷിക്കാൻ ഗോഡൗൺ സംവിധാനമോ കുട്ടനാട്ടിൽ ഇല്ല
4. സഹകരണ സ്ഥാപനങ്ങൾ വഴി സംഭരണത്തിനുള്ള മാർഗങ്ങൾ ആലോചിക്കുമ്പോഴുള്ള പ്രധാന വെല്ലുവിളിയാണിത്
5. ഹെക്ടർ കണക്കിന് വരുന്ന സ്ഥലത്തെ നെല്ല് പാടങ്ങളിലോ ബണ്ടുകളിലോ നിരത്തി ഉണക്കുന്നതും പ്രായോഗികമല്ല
ചതുർത്ഥ്യാകരിയിലും ചമ്പക്കുളത്തും സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുഞ്ചകൃഷിയുടെ നെല്ല് സംഭരിക്കാൻ ആലോചിക്കുന്ന സർക്കാർ നെല്ല് ഉണക്കാനും സംഭരിച്ച് സൂക്ഷിക്കാനുമുള്ള ഡ്രൈയറും യാർഡും ഗോഡൗണും സജ്ജമാക്കണം
-നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |