ആലപ്പുഴ: പക്ഷിപ്പനിബാധയെ തുടർന്ന് കോഴിയിറച്ചി, മുട്ട വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെതിനെതിരെ ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ടുള്ള കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ പ്രതിഷേധം പൂർണം. ഭൂരിഭാഗം ഹോട്ടലുകളും പ്രവർത്തിച്ചില്ല. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാൻ ഹോട്ടലുകളെ അനുവദിക്കുന്ന തരത്തിൽ ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഹോട്ടലുകൾ അടച്ചിട്ടതോടെ ആലപ്പുഴ നഗരത്തിലുൾപ്പെടെ അവധിയാഘോഷിക്കാനെത്തിയ വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ വലഞ്ഞു. സഹകരണ ബാങ്കിന്റെയും കയർ കോർപ്പറേഷന്റെയും നിയന്ത്രണത്തിലുള്ള കാന്റീനുകളെയും വീട്ടിൽ ഊണുകളെയുമാണ് പലരും ആശ്രയിച്ചത്. പക്ഷിപ്പനിയെ തുടർന്ന് ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിൽപ്പന ജില്ലാഭരണകൂടം നിരോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. തുടർന്ന് ജില്ലാകളക്ടർ അലക്സ് വർഗീസുമായി അസോസിയേഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സൂചനാപണി മുടക്ക് നടത്തിയത്.
ഇന്ന് കടകളെല്ലാം തുറന്ന് പ്രവർത്തിക്കും.
പുതിയ ഉത്തരവ് ഇന്ന്
കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിപണനം നിരോധിച്ചുകൊണ്ടുള്ള
ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും. പക്ഷിപ്പനി പടരുന്നതായുള്ള സംശയത്തെ തുടർന്ന് മൂന്നിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ പുതിയ ഉത്തരവ്. ഇതിലാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ പ്രതീക്ഷ. ഉത്തരവ് പ്രതികൂലമായാൽ ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുമതി ആവശ്യപ്പെട്ട് തുടർസമരം ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |