ഇന്ന് രാവിലെ 11ന് സമരം സമാപിക്കും
കോഴിക്കോട്: ഭക്ഷണവും വസ്ത്രവും ചികിത്സയും പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യമെന്നും വയനാട് ചുരത്തിലെ യാത്രാ പ്രശ്നത്തെ ഈ അർത്ഥത്തിൽ സമീപിച്ച് പരിഹാരം ഉണ്ടാക്കണമെന്നും എഴുത്തുകാരൻ പ്രൊഫ. എം.എൻ കാരശ്ശേരി. വയനാട് ജില്ലാ കലക്ടറും കോഴിക്കോട് ജില്ലാ കലക്ടറും ഒരുമിച്ച് പരിഹരിക്കേണ്ട പ്രശ്നമാണിത്. വയനാട് ജില്ലയിലെ മൂന്ന് എം.എൽ.എമാരിൽ ഒരാൾ മന്ത്രിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതെന്ന് കാരശ്ശേരി ചോദിച്ചു. വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതയ്ക്കെതിരെ കോഴിക്കോട് കലക്ടറേറ്റിന് മുമ്പിൽ യു.ഡി.എഫ് എം.എൽ.എമാരായ അഡ്വ.ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എന്നിവർ ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരശ്ശേരി.
ജനവികാരം ഏറ്റെടുത്താണ് എംഎൽഎമാർ സമരം നടത്തുന്നതെന്ന് എം.എൻ കാരശ്ശേരി കൂട്ടിച്ചേർത്തു. സമരത്തിന് നേതൃത്വം നൽകുന്ന ടി.സിദ്ദിഖിനെയും ഐ.സി ബാലകൃഷ്ണനെയും എം.എൻ കാരശ്ശേരി ഗാന്ധിത്തൊപ്പി അണിയിച്ചു.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്ക് വയനാടിന്റെ വികസനത്തെയും ജനജീവിതത്തെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും വിഷയത്തിൽ സർക്കാർ അനാസ്ഥ തുടരുകയാണെന്നും എം.എൽ.എമാർ ആരോപിച്ചു. നിയമസഭയിലും വിവിധ യോഗങ്ങളിലും വിഷയമുയർത്തിയിട്ടും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ടി.സിദ്ദിഖ് പറഞ്ഞു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വയനാട് ഡി.സി.സി പ്രസിഡന്റ് ടി.ജെ ഐസക്ക്, സാംസ്കാരിക പ്രവർത്തകരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ.ആർസു, ആർ.എസ് പണിക്കർ, പ്രതാപൻ തായാട്ട്, കെ.പി.സി.സി ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ്ഹാജി, കോഴിക്കോട് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |