
മാവേലിക്കര :എ.ബി.വി.പി ചെങ്ങന്നൂർ നഗർ സമിതി പ്രസിഡന്റായിരുന്ന ആറന്മുള കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ(19) കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു.ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പ്രതികളെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി.പി.പൂജ വെറുതേ വിട്ടത്.കുറ്റംതെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.കൊലപാതകം നടന്ന് 13 വർഷങ്ങൾക്കുശേഷമാണ് വിധി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ ഇരുപത് പേർക്കെതിരെയാണ് പ്രോസിക്യുഷൻ കുറ്റപത്രം സമർപ്പിച്ചത്.
2012 ജൂലായ് 16 നാണ് വിശാൽ കൊല്ലപ്പെട്ടത്.ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ വിശാലിനെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.രാവിലെ 10.45ന് കോളേജ് ഗേറ്റിന് പുറത്തുവച്ചായിരുന്നു ആക്രമണം. എ.ബി.വി.പി പ്രവർത്തകരായ വിഷ്ണുപ്രസാദ്,ശ്രീജിത്ത് എന്നിവർക്കും വിശാലിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ഏഴ് പേർക്കും പരിക്കേറ്റിരുന്നു.പോപ്പുലർ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ വിശാൽ സുഹൃത്തിനോട് പറഞ്ഞിരുന്നു.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്.മൂന്ന് ഡിവൈ.എസ്.പിമാർ അന്വേഷിച്ച കേസിൽ കെ.സി.ബാബുരാജാണ് കുറ്റപത്രം നൽകിയത്.വിധിയിൽ തൃപ്തിയില്ലെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.പ്രതികൾക്കുവേണ്ടി അഭിഭാഷകരായ പ്രിയദർശൻ തമ്പി,നവീൻ.എം.ഈശോ,സുനിൽ.എസ്.ലാൽ,ഷേഖ് റസൽ,ഓംജി ബാലചന്ദ്രൻ,പി.സി.നൗഷാദ് എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പ്രതാപ് ജി.പടിക്കൽ,ശ്രീദേവി പ്രതാപ്,ശില്പ ശിവൻ,ഹരീഷ് കാട്ടൂർ,മഹേശ്വർ പടിക്കൽ,നീരജ ഷാജി എന്നിവരും ഹാജരായി.
വെറുതേവിട്ട പ്രതികൾ
പന്തളം സ്വദേശി നാസിം(35),ചെങ്ങന്നൂർ സ്വദേശി ആഷിഖ്(32),അടൂർ സ്വദേശി ഷെഫീഖ്(34),കടയ്ക്കാട് സ്വദേശി അൻസാർ ഫൈസൽ(34),ഷെഫീഖ്(35),ആസിഫ് മുഹമ്മദ്(32),നാസിം(34),അൽതാജ്(35),സനുജ്(34),ഷമീർ റാവുത്തർ(38),സഫീർ(32),അഫ്‌സൽ(32),കൊല്ലം സ്വദേശി അബ്ദുൾ വഹാബ്(55),പത്തനാപുരം സ്വദേശി ഷിബിൻ ഹബീബ്(36),ഷാജഹാൻ മൗലവി(55),പന്തളം സ്വദേശി നവാസ് ഷെരീഫ്(32),പത്തനാപുരം സ്വദേശി ഷമീർ(32),അടൂർ സ്വദേശി സജീവ്(34),കായംകുളം സ്വദേശി സലീം (41).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |