കൊച്ചി: പോയ വർഷത്തെ ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം മറന്ന് പുത്തൻ പ്രതീക്ഷകളോടെ 2026നെ വരവേറ്റ് നാടും നഗരവും. കൃത്യം 12ന് കരിമരുന്ന് പ്രയോഗങ്ങളും പാപ്പാഞ്ഞിയെ കത്തിച്ചുമാണ് ജില്ലയാകെ പുതുവർഷത്തെ സ്വീകരിച്ചത്. വൈകിട്ടോടെ ആരംഭിച്ച ആഘോഷപരിപാടികൾ പലയിടത്തും പുലർച്ചെ വരെ നീണ്ടു. അനിഷ്ടസംഭവങ്ങളൊന്നും ഒരിടത്തും റിപ്പോർട്ട് ചെയ്തില്ലെന്നത് ആശ്വാസമായി.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ ഫോർട്ടുകൊച്ചി, വെളി മൈതാനം, പള്ളുരുത്തി, തൃക്കാക്കര, പുതുവൈപ്പ് ബീച്ച്, ചെറായി ബീച്ച്, മലയാറ്റൂർ എന്നിവിടങ്ങളിൽ ആളുകൾ ആഘോഷത്തിൽ മതിമറന്നു. ഫോർട്ടുകൊച്ചിയിൽ ഇതുവരെയില്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. തൃക്കാക്കരയിലും ആഘോഷം പൊടിപൊടിച്ചു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ പുതുവത്സരാഘോഷരാവിന്റെ ഭാഗമായി. ഇത്തവണ പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും പടുകൂറ്റൻ പാപ്പാഞ്ഞികളെയാണ് അഗ്നിക്കിരയാക്കിയത്. കൃത്യം 12 മണിക്ക് തിരികൊളുത്തി. ഹർഷാരവങ്ങൾക്കൊപ്പം ഹാപ്പി ന്യൂ ഇയർ വിളികളും മുഴങ്ങി.
കഴിഞ്ഞവർഷത്തെ അപകടസാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണത്തിലായിരുന്നു ഇത്തവണ ആഘോഷം. ഫോർട്ടുകൊച്ചിയിൽ മാത്രം 28 ഇൻസ്‌പെക്ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിരുന്നു. സുരക്ഷ മുൻനിറുത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാർക്കിംഗ് നിരോധിച്ചിരുന്നു. ഉച്ചയ്ക്ക് 2ന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നതും പൊലീസ് വിലക്കി. വൈകിട്ട് നാല് മുതൽ ഫോർട്ടുകൊച്ചിയിലേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കൊച്ചി കോർപ്പറേഷൻ, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് ഉടമകൾ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, ആർ.ടി.ഒ, വാട്ടർ മെട്രോ തുടങ്ങി നിരവധി വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു ഫോർട്ടുകൊച്ചിയിൽ വിവിധ ആഘോഷ പരിപാടികളും സുരക്ഷയും ഉറപ്പാക്കിയത്. ഫോർട്ടുകൊച്ചിയിൽ നിന്ന് പ്രത്യേക കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ സർവീസ് ക്രമീകരിച്ചതും കൊച്ചി മെട്രോ സർവീസ് പുലർച്ചെ നാലുവരെയാക്കിയതും ആളുകൾക്ക് ആശ്വാസമായി. ഫോർട്ടുകൊച്ചിക്കൊപ്പം പുതുവൈപ്പിനിലും ജില്ലാ ഭരണകൂടം പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ മറൈൻ ഡ്രൈവിലും പരിസരത്തും മാലബൾബുകളെല്ലാം മനോഹരമാക്കിയിരുന്നു. ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |