
ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരീശ സന്നിധിയിൽ ഇന്നലെ ആദ്യ കളഭാഭിഷേകം നടന്നു. രാവിലെ ഉഷ:പൂജയ്ക്കും കലശാഭീഷേകത്തിനും ശേഷമാണ് കളഭാഭീഷേകം ആരംഭിച്ചത്. കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കളഭകലശം പൂജിച്ചശേഷം താളമേളങ്ങളുടെ അകമ്പടിയോടെ കലശകുടവുമായി മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി ക്ഷേത്രത്തിന് പ്രദക്ഷിണം നടത്തി. തുടർന്ന് കളഭകലശം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭീഷേകം നടത്തി. കളഭാഭീഷേകത്തിന്റെ ദർശന പുണ്യം മനസ്സിലേക്കാവാഹിച്ച അയ്യപ്പഭക്തർ ശരണം വിളികളോടെ സന്നിധിയിൽ കൈകൂപ്പി നിന്നു. മകരവിളക്ക് പൂജകൾ ആരംഭിച്ച ഇന്നലെ സന്നിധാനത്ത് ഭക്തരുടെ തിരക്കേറി. നടതുറന്ന 30ന് വൈകിട്ട് 5മുതൽ ഇന്നലെ വൈകിട്ട് 5വരെ 1,20,256 തീർത്ഥാടകരാണ് ദർശനം നടത്തിയത്. ഇന്നലെ പുലർച്ചെ മുതൽ വൈകിട്ട് 5വരെ 60063 പേരാണ് ദർശനം നടത്തിയത്. ഒരു മിനിറ്റിൽ പൊലീസിന്റെ സഹായത്തോടെ 70ലധികം തീർത്ഥാടകർ ഇന്നലെ പതിനെട്ടാംപടി ചവിട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |