SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.28 PM IST

ബൈ ബൈ 25

Increase Font Size Decrease Font Size Print Page
pata

പത്തനംതിട്ട : സംഭവബഹുലമായിരുന്ന 2025 ക‌ടന്നുപോയി. തദേശ തിരഞ്ഞെടുപ്പ് ഉത്സവമായി കൊടിയിറങ്ങി. പ്രതീക്ഷകളുടെ പുതുവർഷം പിറന്നപ്പോൾ കഴിഞ്ഞ ഒരുവർഷം ജില്ല സാക്ഷിയായ പ്രധാന സംഭവങ്ങളിലൂടെ...

തിരഞ്ഞെടുപ്പ് ഉത്സവം

തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ ഭരണസമിതികൾ അധികാരത്തിൽ വന്നത് കഴിഞ്ഞ മാസമാണ്. യു.ഡി.എഫ് തിരിച്ചുവരവിന്റെ സൂചന നൽകി ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തിൽ 17ൽ 12 സീറ്റുകളുമായി ഭരണത്തിലേറി. എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 34 ഗ്രാമ പഞ്ചായത്തുകളും യു.ഡി.എഫിന് ലഭിച്ചു.14 പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് നാല് പഞ്ചായത്തുകളിൽ ഭരണം. ജില്ലാ പഞ്ചായത്ത് പ്രസിഡറായി ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും ചുമതലയേറ്റു. സി.പി.ഐ പ്രതിനിധിയായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ പാർട്ടിയിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ ചേർന്ന ശേഷം വീണ്ടും മത്സരിച്ച് വിജയിച്ചത് രാഷ്ട്രീയ കൗതുകമായി.

ശബരിമലയിലെ സ്വർണപ്പാളി കവർച്ച ഭക്തമനസുകളെ വേദനിപ്പിച്ചു. സി.പി.എം ജില്ലാ കമ്മറ്റി അംഗം എ.പത്മകുമാറും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കെ.വാസുവും അറസ്റ്റിലായതോടെ സി.പി.എം പ്രതിരോധത്തിലായി.

മല കയറി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോടെ ശബരിമലയുടെ പ്രശസ്തിയേറി. ഇരുമുടിയേന്തി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതിയും സംഘവും ദർശന പുണ്യം നേടി. തിരുവനന്തപുരത്ത് നിന്ന് ​പ്രമാടം രാജീവ്​ഗാന്ധി ഇൻഡോർ സ്​റ്റേഡിയത്തിൽ ഹെലികോപ്​റ്ററിലിറങ്ങിയ രാഷ്ട്രപതി, റോഡ് മാർഗമാണ്​ പമ്പയിലെത്തിയത്​. തുടർന്ന്​ പ്രത്യേകമായി തയാറാക്കിയ ഗൂർഖ ജീപ്പിലായിരുന്നു മലകയറ്റം.
രാഷ്ട്രപതിയുമായി എത്തിയ ഹെലികോപ്റ്ററിന്റെ ഇടതുചക്രം പ്രമാടത്ത് ഹെലിപ്പാഡിന്റെ കോൺക്രീറ്റിൽ താഴ്ന്നത് വിവാദമായി. രാഷ്ട്രപതി ഇറങ്ങിയശേഷമായിരുന്നു ടയറുകൾ താഴ്ന്നത്. രാഷ്ട്രപതി പമ്പയിലേക്ക്​ പുറപ്പെട്ടതിനു പിന്നാലെ കോപ്ടർ മുന്നോട്ട്​ തള്ളിനീക്കി.

വിവാദമായി അയ്യപ്പസംഗമം

സെപ്തംബർ 20ന് ദേവസ്വം ബോർഡ്​ പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം വിവാദമായി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ് അയ്യപ്പസംഗമം നടത്താൻ തീരുമാനിച്ചത്, വിശ്വാസികളെ ഒപ്പം നിറുത്താനാണെന്ന രാഷ്ട്രീയ വിവാദം ചൂടുപി‌ടിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നടക്കം 3000 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്. പങ്കാളിത്തം കുറഞ്ഞത്​ വൻ ചർച്ചയായി. സംഗമം ഉദ്ഘാടനം ചെയ്തത് മുഖമന്ത്രി പിണറായി വിജയനാണ്.

ആഗോള അയ്യപ്പ സംഗമത്തിന്​ ബദലായി പന്തളത്ത്​ സംഘ്​പരിവാർ സംഘടനകളും കോൺഗ്രസവും ബദൽ സംഗമങ്ങൾ നടത്തി.

കണ്ണീരോർമയായി കണ്ണൻ

ജില്ലയിലെ കോൺഗ്രസിന്റെ യുവനേതാവും ഡി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന ചെന്നീർക്കര മാത്തൂർ മേലേടത്ത് എം.ജി.കണ്ണന്റെ അപ്രതീക്ഷിത വിയോഗം പൊതുരംഗത്ത് വൻ നഷ്ടമായി. എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നേതാവായിരുന്നു കണ്ണൻ.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. മേയ് 11നായിരുന്നു മരണം.

ആറന്മുള സ്വദേശിയായ ഹൈക്കോടതി മുൻ ജഡ്ജി പി.ഡി.രാജൻ വിടപറഞ്ഞു. ജില്ലയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകനും 55 വർഷമായി നോട്ടറിയുമായിരുന്ന കോഴഞ്ചേരി മുളമൂട്ടിൽ അഡ്വ.ജി.എം.ഇടിക്കുളയും പോയവർഷം മടങ്ങി.
കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റും മുൻ അടൂർ നഗരസഭ കൗൺസിലറുമായ എസ്.ബിനുവും പത്തനംതിട്ട നഗരസഭ കൗൺസിലർ എം.സി.ഷെരീഫും അകാലത്തിൽ മരണപ്പെട്ടു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY