
മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ലോകം ഗൗരവത്തോടെ കാണേണ്ട മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. രോഹിത് ശർമ്മയുടെയും വിരാട് കൊഹ്ലിയുടെയും കാലം കഴിഞ്ഞാൽ ഏകദിന ക്രിക്കറ്റ് ആളുകൾ കാണുമോ എന്നാണ് അശ്വിൻ ചോദിക്കുന്നത്. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിലൂടെയാണ്' താരത്തിന്റെ പ്രതികരണം.
'2027 ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിന്റെ അവസ്ഥ എന്താകുമെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. സത്യം പറഞ്ഞാൽ അക്കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. ഇപ്പോൾ വിജയ് ഹസാരെ ട്രോഫി നടക്കുന്നുണ്ടല്ലോ, ഞാൻ അത് കാണുമ്പോൾ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് കണ്ട ആവേശത്തോടെ ഏകദിന മത്സരങ്ങൾ കാണാൻ എനിക്ക് കഴിയുന്നില്ല.' അശ്വിൻ പറഞ്ഞു.
'അതുമാത്രമല്ല, കാണികൾക്ക് എന്താണ് കാണാൻ താൽപ്പര്യമെന്ന് നമ്മൾ അറിയണം. ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോഴും അതിന്റേതായ സ്ഥാനമുണ്ടെന്ന് എനിക്ക് തോന്നുന്നു. പക്ഷെ ഏകദിന ക്രിക്കറ്റിന് ഇനിയങ്ങോട്ട് അത്ര വലിയ സ്‌കോപ്പുണ്ടെന്ന് തോന്നുന്നില്ല.
'നോക്കൂ, രോഹിതും വിരാടും വിജയ് ഹസാരെ ട്രോഫി കളിക്കാൻ എത്തിയപ്പോൾ ആളുകൾ അത് ശ്രദ്ധിക്കാൻ തുടങ്ങി. ഏതൊരു വ്യക്തിയേക്കാളും വലുതാണ് കായിക വിനോദമെന്നൊക്കെ നമ്മൾ പറയാറുണ്ട്. പക്ഷെ ചില സമയങ്ങളിൽ കളിക്ക് വിലയുണ്ടാക്കാൻ ഇതുപോലെയുള്ള സൂപ്പർ താരങ്ങൾ തിരിച്ചുവരേണ്ടി വരുന്നു.' അദ്ദേഹം പറയുന്നു.
'സാധാരണഗതിയിൽ അധികം ആരും ശ്രദ്ധിക്കാത്ത ആഭ്യന്തര ടൂർണമെന്റാണ് വിജയ് ഹസാരെ ട്രോഫി . പക്ഷെ വിരാടും രോഹിത്തും ഉള്ളതുകൊണ്ട് ആളുകൾ കളി കണ്ടു. ഇനി അവർ ഏകദിനം കളിക്കുന്നത് നിർത്തിയാൽ പിന്നെ എന്താകും അവസ്ഥ?' അശ്വിൻ ചോദിക്കുന്നു.
ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്നും വിരമിച്ച രോഹിത്തും വിരാടും നിലവിൽ ഏകദിന മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കുന്നത്. ഏകദിനത്തിന് പുറമേ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ വിജയ്ഹസാരെ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ബിസിസിഐ ചട്ടപ്രകാരം ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇരുവരും ടൂർണമെന്റിൽ കളിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |