
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കുമെന്ന് വിവരം. ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്ന് നിർദേശമുയർന്നതോടെയാണ് പാർട്ടി ഇക്കാര്യത്തിൽ ചർച്ച ആരംഭിച്ചത്. വിഎസിന്റെ കുടുംബവുമായി നേതൃത്വം പ്രാഥമികമായി ബന്ധപ്പെട്ടെന്നും സൂചനയുണ്ട്. കായംകുളത്തോ വിഎസ് ഒടുവിൽ പ്രതിനിധാനം ചെയ്ത മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. വിഎസിന് പാർട്ടിയേക്കാളുപരി ഉണ്ടായിരുന്ന ജനപിന്തുണ അനുകൂലമാക്കുകയാണ് ലക്ഷ്യം.
നിലവിൽ ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുൺകുമാർ. ഡയറക്ടറുടെ താത്കാലിക ചുമതലയുമുണ്ട്. ഉയർന്ന പദവിയായതിനാൽ രാജിവെച്ചതിനുശേഷമേ മത്സരിക്കാനാകൂ. പാർട്ടി അംഗമല്ലെങ്കിലും അരുണിനെ മത്സരിപ്പിക്കുന്നതിൽ തടസമില്ല. മത്സരിച്ചാൽ വിഎസ് ഇഫക്ട് പ്രതിഫലിക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തളർച്ച നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറികടക്കാനാണ് പുതിയ തീരുമാനമെന്നും പറയപ്പെടുന്നുണ്ട്.അതേസമയം, സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് അരുൺ കുമാറും പ്രതികരിച്ചിട്ടുണ്ട്. വാർത്ത പ്രചരിക്കുന്നതായി കേട്ടെന്നും അതേക്കുറിച്ച് അറിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |