
പത്തനംതിട്ട: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ അഭിപ്രായം പറഞ്ഞതിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഓരോ വ്യക്തികൾക്കും അവരവർക്ക് പറയാനുള്ള അഭിപ്രായമുണ്ടാകും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പെരുന്നയിൽ വച്ച് കണ്ട സമയത്ത് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നെന്ന് രാഹുൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'ഞാൻ പറയാത്ത ചില കാര്യങ്ങളാണ് വാർത്തകളിൽ വരുന്നതെന്ന് അദ്ദേഹം തന്നോട് പരാമർശിച്ചിരുന്നു. കേരളത്തിൽ ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളിൽ പ്രായം കൊണ്ടും പദവികൊണ്ടും ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് പിജെ കുര്യൻ. കുര്യൻ സാറിനോട് അത്തരമൊരു കാര്യം ചോദിക്കേണ്ട ആവശ്യം എനിക്കില്ല. അഭിപ്രായം പറയാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. അതേക്കുറിച്ച് പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല'- രാഹുൽ പറഞ്ഞു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖം കൊടുക്കാതെ പോയതിനെക്കുറിച്ചും രാഹുൽ വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയും ഞാനും സംസാരിക്കുന്നതും സംസാരിക്കാത്തതും കേരളത്തിലെ പൊതുജനങ്ങളെ ഒരുതരത്തിലും ബാധിക്കുന്ന വിഷയമായി എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ അറിവിലേക്കായി പറയാം. മന്നം ജയന്തിയുമായി ബന്ധപ്പെട്ട് ഇന്നലെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി പെരുന്നയിൽ വച്ച് പലകുറി സംസാരിച്ചിരുന്നു. അതൊന്നും ഇത്രവലിയ കൗതുക വാർത്തയായി എനിക്ക് തോന്നുന്നില്ല'- രാഹുൽ വ്യക്തമാക്കി.
നേരത്തെ രാഹുലിന് പാലക്കാട് സീറ്റ് നൽകില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്ന പിജെ കുര്യൻ, ഇപ്പോൾ അദ്ദേഹത്തിന് അനുകൂലമായ നിലപാടിലേക്ക് നീങ്ങിയിരുന്നു. ചങ്ങനാശ്ശേരിയിൽ വച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ നേരിട്ട് കണ്ടതിന് ശേഷമാണ് കുര്യന്റെ ഈ മലക്കംമറിച്ചിൽ ഉണ്ടായിരിക്കുന്നത്. ഈ കൂടിക്കാഴ്ചയ്ക്ക് മുൻപ് വരെ രാഹുലിന് പാലക്കാട് സീറ്റ് നൽകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ, രാഹുലിനെതിരെയുള്ള പാർട്ടി നടപടി പിൻവലിച്ചാൽ അദ്ദേഹം പാലക്കാട് മത്സരിക്കാൻ യോഗ്യനാണെന്ന് കുര്യൻ ഇപ്പോൾ അഭിപ്രായപ്പെട്ടത്. താൻ ഒരിക്കലും രാഹുലിന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |