
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുകമ, ബിജാപൂർ ജില്ലകളിൽ നടന്ന രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ഈ വർഷം മാവോയിസ്‌റ്റുകളും സുരക്ഷാ സേനയും തമ്മിൽ നടക്കുന്ന ആദ്യത്തെ ഏറ്റുമുട്ടലാണിത്.
ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡാണ് മാവോയിസ്റ്റുകൾക്ക് എതിരെയുള്ള ഓപ്പറേഷന് നേതൃത്വം നൽകിയത്. കൊല്ലപ്പെട്ടവരിൽ 12 പേരും തെക്കൻ സുകമയിൽ നിന്നുള്ളവരാണ്. ബിജാപൂരിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. സുകമയിലെ കൊണ്ഡ ഏരിയ കമ്മിറ്റിയിലെ എല്ലാ മാവോയിസ്‌റ്റ് അംഗങ്ങളും ഈ ഓപ്പറേഷനിലൂടെ കൊല്ലപ്പെട്ടെന്ന് എസ്‌പി കിരൺ ചൗഹാൻ സ്ഥിരീകരിച്ചു.
മാവോയിസ്റ്റ് സംഘടനയിലെ പ്രമുഖനായ കൊണ്ഡ ഏരിയ കമ്മിറ്റി സെക്രട്ടറി വെട്ടി മാംഗ്ലു എന്ന മുക്കയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ജൂണിൽ കൊണ്ഡയിൽ നടന്ന ഐഇഡി സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നു വെട്ടി മാംഗ്ലു. എഎസ്‌പി ആകാശ് റാവു ഗിരിപുഞ്ജെ അന്നത്തെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
കോണ്ഡ, കിസ്‌താരം മേഖലകളിലാണ് കൊല്ലപ്പെട്ടവർ കേന്ദ്രീകരിച്ചിരുന്നത്. ഇവിടം പതിറ്റാണ്ടുകളായി മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ ഹിദ്മ, രാമണ്ണ, ബാർസ ദേവ എന്നിവരുടെ വളർച്ചയ്‌ക്ക് കളമൊരുങ്ങിയത് ഇവിടെയാണ്. ഈ പ്രദേശം ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള മാവോയിസ്റ്റ് കടന്നുകയറ്റത്തിന്റെ പ്രധാന പാത കൂടിയായിരുന്നു.
2026 മാർച്ചിനുമുൻപായി മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത്ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. 2024ന് ശേഷം സംസ്ഥാനത്ത് മാത്രം 500-ലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |