
സിംഗപ്പൂർ സിറ്റി: ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം നേരം ഇരുട്ടിയാൽ പുറത്തിറങ്ങി നടക്കുക വലിയ വെല്ലുവിളിയാണ്. സുരക്ഷാ
പ്രശനങ്ങളും തുറിച്ചു നോട്ടങ്ങളും തന്നെയാണ് എപ്പോഴും നിലനിൽക്കുന്ന പ്രതിസന്ധി. എന്നാൽ നമ്മുടെ തൊട്ടപ്പുറത്തെ കുഞ്ഞ് രാജ്യമായ സിംഗപ്പൂരിൽ സ്ഥതി വ്യത്യസ്തമാണെന്ന് കാണിക്കുന്ന ഇന്ത്യൻ യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും സ്ത്രീസുരക്ഷയെ താരതമ്യം ചെയ്തുകൊണ്ടുള്ള വീഡിയോ പ്രവാസികൾക്കിടയിലും നാട്ടിലും വലിയ രീതിയിലാണ് വൈറലായിരിക്കുന്നത്.
'ഇപ്പോൾ സിംഗപ്പൂരിൽ സമയം മൂന്ന് മണിയായിട്ടുണ്ട്. ഞാൻ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോകുകയാണ്. രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. നടക്കുമ്പോൾ ഇടയ്ക്കിടെ പേടിച്ചു തിരിഞ്ഞു നോക്കണ്ട. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചു വരുമ്പോൾ ഇതേ സമയത്ത് ഒറ്റയ്ക്ക് ഇറങ്ങാൻ ഞാൻ ധൈര്യപ്പെടില്ല. എന്നാൽ ഇവിടെത്തെ സ്ഥിതി ഒറ്റയ്ക്ക് നടക്കുക എന്നത് ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ്. സിംഗപ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളോ സ്കൈലൈനുകളോ അല്ല ഈ രാജ്യത്തോട് എനിക്ക് കൂടുതൽ അടുപ്പം തോന്നിപ്പിച്ചത്. ഏത് പാതിരാത്രിയും ഒറ്റയ്ക്ക് സൗകര്യപ്രദമായി നടക്കാൻ കഴിയുന്നതിലുള്ള ആശ്വാസമാണ്'. യുവതി പറഞ്ഞു.
സ്വന്തം നാട്ടിൽ ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് വിദേശ രാജ്യത്ത് താൻ അനുഭവിക്കുന്നതെന്നാണ് യുവതി വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. നാല് ദിവസം മുൻപ് പങ്കുവച്ച വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തോളം പേർ ആണ് കണ്ടത്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയിലെ തെരുവുകളിലും ഭയമില്ലാതെ ഇതുപോലെ നടക്കാൻ കഴിയുന്ന കാലം എന്നുണ്ടാകുമെന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |