
അമ്പലപ്പുഴ: കരിഓയിൽ ഒഴിച്ചാലും കത്തിച്ചാലും തന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം 796- ാം നമ്പർ പുറക്കാട്- കരൂർ ശാഖയുടെ ഗുരുമന്ദിരം സമർപ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്റെ ദേഹത്ത് കരിഓയിൽ ഒഴിച്ചാൽ സമ്മാനം തരാമെന്നാണ് മലപ്പുറത്ത് ഒരു യൂത്ത് നേതാവ് പറഞ്ഞത്. ഈ അഭിപ്രായം തന്നെയാണോ വേദിയിലിരിക്കുന്ന കോൺഗ്രസ് നേതാവിനും ഉള്ളതെന്ന് പറയണം. ചടങ്ങിൽ പങ്കെടുത്ത എം.ലിജുവിനെ നോക്കി വെള്ളാപ്പള്ളി ചോദിച്ചു.
ഞങ്ങൾക്കുമുണ്ട് യൂത്ത്. കോലം കത്തിക്കുന്ന കാര്യത്തിൽ ഞങ്ങളുടെ പിള്ളേരാണ് ഒന്നുകൂടെ മിടുക്കർ. മരണം ഒരു പ്രാവശ്യമേയുള്ളൂ. എന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്, ചത്തില്ല. സമുദായത്തെ തകർക്കാൻ ശ്രമിക്കുന്ന ഏതുശക്തിയേയും ധൈര്യപൂർവം നേരിടും. അഭിപ്രായത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല. തീവ്രമായി സംസാരിച്ചയാളെ തീവ്രവാദിയെന്നു പറഞ്ഞു. മതതീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല. സത്യം ബോദ്ധ്യപ്പെടുത്താൻ വീട്ടിൽ മാദ്ധ്യമങ്ങളെ കണ്ടു. അവിടെയും ഒരു ചാനൽ പ്രശ്നമുണ്ടാക്കി. പറയാൻ അനുവദിച്ചില്ല. റേറ്റിംഗ് കൂട്ടാൻ ഒരു ചാനൽ എനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അവർ വിചാരിച്ചാൽ ഒരു ചുക്കും സംഭവിക്കില്ലെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതു സംവാദത്തിനും തയ്യാറാണ്. മുസ്ലിംലീഗുമായി ചേർന്ന് പിന്നാക്ക സമുദായ മുന്നണി ഉണ്ടാക്കി സമരംചെയ്ത് അന്നത്തെ എൽ.ഡി.എഫ് സർക്കാരിനെ താഴെ ഇറക്കിയതാണ്. യു.ഡി.എഫ് ഭരണം വരുമ്പോൾ ആനുകൂല്യങ്ങൾ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. മുസ്ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 17കോളേജുകൾ നൽകി. ആർ.ശങ്കറിന്റെ കാലത്തല്ലാതെ യു.ഡി.എഫിൽ നിന്ന് സമുദായത്തിന് കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. മുസ്ലിംസമുദായത്തിന് ഞാൻ എതിരല്ല. മുസ്ലിങ്ങൾക്ക് 4,100 സ്കൂളുകൾ മലപ്പുറത്ത് ഉള്ളപ്പോൾ 370സ്കൂളുകൾ മാത്രമാണ് ഈഴവർക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശാഖ പ്രസിഡന്റ് എം.ടി.മധു അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |