
ന്യൂഡൽഹി: മുട്ടിൽ മരം മുറി കേസക്കമുളള വാർത്തകൾ മലയാളം ടി.വി ചാനലുകളിൽ വിലക്കണമെന്ന ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് 10,000 രൂപ പിഴയിട്ട് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി. കോടതി ഉത്തരവിനെ തുടർന്ന് നീക്കം ചെയ്‌ത മരംമുറി, മാംഗോ ഫോൺ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ പുന:സ്ഥാപിക്കാനും ഉത്തരവിട്ടു.
റിപ്പോർട്ടർ ടി.വി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാർത്താ ലിങ്കുകൾ വിവിധ മാദ്ധ്യമങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ബെംഗളൂരു കോടതിയിൽ ഹർജി നൽകിയത്. വാർത്താ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് 2025 ഒക്‌ടോബർ 25ന് കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഹർജിക്കാർ ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്‌തെന്ന് കോടതി കണ്ടെത്തി.
തങ്ങളെ കേൾക്കാതെ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്‌ത് വാർത്താ ചാനലുകൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് റിപ്പോർട്ടർ ടി.വി കേസ് പിൻവലിക്കുകയാണെന്ന് കാണിച്ച് മെമ്മോ ഫയൽ ചെയ്‌തു. കാരണങ്ങൾ വ്യക്തമാക്കാതെ മെമ്മോ ഫയൽ ചെയ്‌തത് കോടതിയുടെ വിലയേറിയ സമയം പാഴാക്കലാണെന്ന് വ്യക്തമാക്കിയാണ് പിഴയിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |