
തികച്ചും അശുഭകരമായ ഒരു സംഭവത്തോടെയാണ് പുതുവർഷത്തിന്റെ തുടക്കം. ലോകത്തിലെ യുദ്ധങ്ങൾ നിറുത്തിക്കുന്നത് താനാണെന്ന് വീമ്പടിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വെനസ്വേലയ്ക്കു നേരെ സൈനിക ആക്രമണം നടത്തുകയും, പ്രസിഡന്റ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും കിടക്കമുറിയിൽ നിന്ന് പിടിച്ചുകൊണ്ടുപോവുകയും ചെയ്തിരിക്കുകയാണ്. സൈനിക ബലത്തിന്റെ കരുത്തിൽ മറ്റൊരു സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച ഈ പ്രവൃത്തി പുതുവർഷം പിറന്ന് മൂന്നാം ദിനത്തിൽ ലോകജനതയെ അമ്പരിപ്പിച്ചിരിക്കുകയാണ്. വെനസ്വേല വൻതോതിൽ അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടത്തുന്നതിന്റെ ഉത്തരവാദിത്വം ചുമത്തിയാണ് മഡുറോയെ പിടിച്ച് വിലങ്ങുവച്ച് ന്യൂയോർക്കിൽ വിചാരണ നേരിടാനായി എത്തിച്ചിരിക്കുന്നത്.
ഇറാക്കിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ ഇല്ലാതാക്കുന്നതിന് കാരണമായി ലോകത്തെ ബോധിപ്പിച്ചത്, ഇറാക്ക് ആണവായുധ നിർമ്മാണം നടത്തുന്നു എന്ന ആരോപണമായിരുന്നു. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിനു ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും അമേരിക്കയ്ക്ക് എടുത്തുകാട്ടാൻ കഴിഞ്ഞിട്ടില്ല. ഇറാക്ക് ആണവായുധ നിർമ്മാണത്തിന് കോപ്പുകൂട്ടുന്നു എന്ന ആരോപണം ഒരു കള്ളമായിരുന്നു എന്നത് അമേരിക്കയിൽ നിന്നുള്ള പല ആധികാരിക റിപ്പോർട്ടുകളും വെളിപ്പെടുത്തിയിട്ടുള്ളതാണ്. 'പട്ടിയെ പേപ്പട്ടിയാക്കി ചിത്രീകരിച്ച് അടിച്ചുകൊല്ലുക" എന്ന കാടൻ നയമാണ് ഇത്തരം കടന്നുകയറ്റങ്ങളിലൂടെ അമേരിക്ക നടപ്പിൽ വരുത്തുന്നത്.
വെനസ്വേലയിൽ നിന്നു മാത്രമല്ല ലഹരിവസ്തുക്കൾ അമേരിക്കയിൽ എത്തുന്നത്. മെക്‌സിക്കോ, കൊളംബിയ, ക്യൂബ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടക്കുന്നുണ്ട്. അമേരിക്കൻ തീരങ്ങളിലൂടെയും മറ്റുമുള്ള ഈ ലഹരിക്കടത്ത് തടയാൻ അതിശക്തമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം തങ്ങളുടെ സാമ്രാജ്യത്വ അധീശത്വം അടിച്ചേൽപ്പിക്കാനുള്ള ഒരു അവസരമാക്കിയാണ് ലഹരി ആരോപണം യു.എസ് ഉന്നയിക്കുന്നത്. നാർക്കോ - ടെററിസം ഗൂഢാലോചന,. കൊക്കെയ്‌ൻ ഇറക്കുമതി ഗൂഢാലോചന എന്നിവയ്ക്കു പുറമെ ആയുധങ്ങളും കൈവശം വച്ചിരിക്കുന്നു എന്ന പരിഹാസ്യമായ ആരോപണങ്ങളാണ് യു.എസ് ഉന്നയിക്കുന്നത്. അമേരിക്കൻ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ട്രംപ് ഭരണകൂടം കെട്ടിച്ചമച്ച ആരോപണമാണിതെന്ന് വിശ്വസിക്കാതിരിക്കാൻ കഴിയില്ല. അമേരിക്ക നടത്തുന്ന അട്ടിമറികൾക്കു മുമ്പ്, തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് തുള്ളുന്ന ഒരു പാവയെ ആ രാജ്യത്ത് സൃഷ്ടിക്കാറുണ്ട്. വെനസ്വേലയിലും, വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനെ 'പാവ"യാക്കി തത്‌കാലം ഭരണം മുന്നോട്ടു കൊണ്ടുപോവുകയാണ്.
മുൻ വിദേശകാര്യ മന്ത്രി ഡെൽസിക്കാണ് പെട്രോളിയം വകുപ്പിന്റെയും ചുമതല. ഇതിൽ നിന്നുതന്നെ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം അവിടത്തെ എണ്ണ സമ്പത്താണെന്ന് വ്യക്തമാണ്. ലോകത്തിലെ എണ്ണശേഖരത്തിന്റെ 18 ശതമാനവും വെനസ്വേലയിലാണ്. അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾ വഴി ഈ എണ്ണ കുഴിച്ചെടുത്ത് ലോകമെമ്പാടും തങ്ങളുടെ ഇഷ്ടക്കാരായ രാജ്യങ്ങൾക്കു വിറ്റ് ശതകോടികൾ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ട്രംപിന്റേത് എന്ന് സുവ്യക്തമാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ചൈനയുടെയും റഷ്യയുടെയും വർദ്ധിച്ചുവരുന്ന സ്വാധീനം തടയാനുള്ള ഭീഷണി കൂടിയാണ് ഈ അധിനിവേശം. ഒരു രാജ്യത്ത് കടന്നുകയറി അവിടത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പിടിച്ച് വിലങ്ങുവച്ച് തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോവുക എന്ന കൃത്യം എന്തു ന്യായത്തിന്റെ പേരിലായാലും നീതീകരിക്കാനാവുന്നതല്ല. ഈ നടപടിയിൽ പ്രതികരിക്കാതിരിക്കുന്നവർക്ക് നാളെ ഈ അനുഭവം ഉണ്ടാകില്ലെന്ന് പറയാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |