കൊച്ചി: എറണാകുളം എം.ജി റോഡിലെ ചിക്കിംഗ് ഔട്ട്‌ലെറ്റിൽ ചിക്കൻസ്ട്രിപ്പ് കുറഞ്ഞതിനെച്ചൊല്ലിയുള്ള സംഘർഷത്തിനിടെ കത്തിവീശിയ മുൻ മാനേജർ തോപ്പുംപടി മുണ്ടംവേലി സൗദിസ്വദേശി ജോഷ്വയെ (30) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു വിട്ടയച്ചു. ഔട്ട്ലെറ്റിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷൻജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
ജോഷ്വയെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയ തൃശൂർ പുത്തൻച്ചിറ ചിറക്കുഴിയിൽ മുഹമ്മദ് നസ്മലിനെ (28) പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇയാൾക്കൊപ്പം മാനേജരെ മർദ്ദിച്ച രണ്ട് പ്രതികൾകൂടി അറസ്റ്റിലാകാനുണ്ട്. ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നസ്മലിനും സ്റ്റേഷൻജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ 30നാണ് ചിക്കിംഗ് ഔട്ട്‌ലെറ്റിൽ സംഘർഷമുണ്ടായത്. എറണാകുളത്ത് സെൻട്രൽ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ബർഗറിൽ ചിക്കൻസ്ട്രിപ്പ് കുറഞ്ഞതിന്റെ പേരിൽ ജോഷ്വയുമായി തർക്കിച്ചത്. കുട്ടികളിൽ ഒരാളുടെ സഹോദരനായ മുഹമ്മദ് നസ്മലിന്റെ നേതൃത്വത്തിൽ കൂടുതൽ ആൾക്കാർ ഔട്ട്‌ലെറ്റിൽ എത്തിയപ്പോഴാണ് മാനേജർ കത്തിവീശി ഭീഷണിപ്പെടുത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ ജോഷ്വയെ പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തു.
ജോഷ്വയുടെയും മുഹമ്മദ് നസ്മലിന്റെയും പരാതികളിൽ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിനുശേഷം ജോഷ്വയെ ചിക്കിംഗ് മാനേജ്മെന്റ് ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അതിനിടെ പരാതിക്കാർ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |