
കൊച്ചി: അഞ്ച് ദിവസത്തെ ഇടവേളയിൽ കൊച്ചിയിൽ ട്രേഡിംഗ് തട്ടിപ്പിന് ഇരയായത് രണ്ട് വയോധികർ. ഇരുവർക്കുമായി നഷ്ടമായത് 1.85 കോടി രൂപ. തട്ടിപ്പുകളിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിസംബർ 31ന് 64കാരനും ഞായറാഴ്ച 71കാരനുമാണ് തട്ടിപ്പിന് ഇരയായത്. വടുതല സ്വദേശിയായ 64കാരന് 96.05 ലക്ഷം രൂപയാണ് നഷ്ടമായത്. ഗാന്ധിനഗർ സ്വദേശിയായ 74കാരന് 89.33 ലക്ഷം രൂപയും നഷ്ടമായി. തട്ടിയെടുത്ത പണം മരവിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.രണ്ട് കേസുകൾക്കും പിന്നിൽ ഒരു സംഘമായിരിക്കുമെന്നാണ് പൊലീസിന്റെ സംശയം.
തട്ടിപ്പ് എസ്.ബി.ഐ സെക്യൂരിറ്റി ചീഫ് ചമഞ്ഞ്
കഴിഞ്ഞ വർഷം നവംബർ 11ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ.) ലോഗോയുള്ള, എസ്.ബി.ഐ. സ്റ്റഡി എക്സ്ചേഞ്ച് എന്ന വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ 64കാരനെ അംഗമാക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്തത്. തുടർന്ന് എസ്.ബി.ഐ.യുടെ സെക്യൂരിറ്റീസ് ചീഫാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാരൻ ബന്ധപ്പെട്ടു. ഔട്ട് ഒഫ് സ്റ്റോക്ക് എക്സ്ചേഞ്ചായ എസ്.ബി.ഐ. സെക്യൂരിറ്റീസിൽ പണം നിക്ഷേപിച്ച് ട്രേഡിംഗ് നടത്തിയാൽ വൻ ലാഭമുണ്ടാകുമെന്ന് 64കാരനെ വിശ്വസിപ്പിച്ചു. തുടർന്ന് ഒമ്പത് തവണകളായി 96,05,200 രൂപ നിക്ഷേപിച്ചു. വ്യാജ ആപ്പിൽ ട്രേഡിംഗിന്റെ ലാഭം കാണിച്ചിരുന്നുവെങ്കിലും പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഡിസംബർ 31നാണ് തട്ടിപ്പിന് ഇരയായതെന്ന് തിരിച്ചറിഞ്ഞത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സുരേഷ് ശുക്ല, മല തോടർവാൾ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കമ്പനി ടീം ലീഡർ ഫോണിൽ വിളിച്ചു, പണം പോയി
നവംബറിൽ തന്നെയാണ് 74കാരനും തട്ടിപ്പുകാരുടെ വലയിലായത്. എസ്.വൈ വൺ 2025 വെൽത്ത് ഗ്രോത്ത് റിസർച്ച് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ 74കാരനെ അംഗമാക്കിയാണ് തട്ടിപ്പുകാർ ആദ്യ ചുവടുവച്ചത്. ശേഷം ആനന്തരതി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ടീം ലീഡർ ചമഞ്ഞ് പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. ആനന്തരതി ഇൻവെസ്റ്റ്‌മെന്റ് സർവീസസ് ലിമിറ്റഡിൽ പണം നിക്ഷേപിച്ച് ബ്ലോക്ക് ട്രേഡ് നടത്തിയാൽ വൻ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചു. തട്ടിപ്പുകാരന്റെ വാക്കിൽ വീണ 74കാരൻ 12 തവണകളായി 89,33,000 രൂപ നിക്ഷേപിച്ചു. എന്നാൽ ലാഭവിഹിതം ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ഞായറാഴ്ച പണം പിൻവലിക്കാൻ ശ്രമിച്ചു. തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. 74കാരന്റെ പരാതിയിൽ രൂപ് ബോത്ര, മംഗലം ഗണേഷ് എന്നിവർക്കെതിരെ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |