
ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ മേഖലയിൽ പാത നവീകരണം അശാസ്ത്രീയവും,അപകടകരവുമെന്ന് ആക്ഷേപം. നവീകരണത്തിന്റെ ഭാഗമായി പൂവമ്പാറ മുതൽ മാമം മൂന്നുമുക്ക് വരെയുള്ള നാലുവരിപ്പാതയാണ് അപകടകരമായി നവീകരിച്ചിരിക്കുന്നത്.
കച്ചേരിനട,എൽ.എം.എസ് സ്കൂൾ മേഖലയിലും,ഐ.ടി.ഐ മേഖലയിലും നാലുവരിപ്പാതയുടെ ഇരുവശങ്ങളും രണ്ട് തട്ടുകളായാണ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നത്. റോഡ് ടാർ ചെയ്ത് ഉയർത്തിയപ്പോൾ മദ്ധ്യഭാഗത്ത് മുൻപ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ ഉയരം കുറഞ്ഞതോടെ കാണാനില്ലാതായി.
മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിലെ റോഡിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായാൽ, ഒഴുകിപ്പോകാൻ നിർമ്മിച്ച ഓടകൾക്ക് സമീപമുള്ള ഗ്രിൽ ഇപ്പോൾ അപകടരമായി താഴ്ന്ന് കെണിയായി മാറിയിരിക്കുകയാണ്.
റോഡ് ടാറിംഗ് പൂർത്തിയായതോടെ അപകട മേഖലയായി ഈ മേഖല മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും രാത്രിയിലെ യാത്രക്കാർക്ക്. റോഡ് ടാറിംഗ് നടത്തിയ മേഖലകളിൽ ഇരുവശങ്ങളിലും അടിയന്തരമായി കോൺക്രീറ്റ് ചെയ്ത് ഉയരം ക്രമപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ വാഹനാപകടങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഉയരം കൂടി
പഴയ റോഡ് ചിപ്പ് ചെയ്യാതെ വീണ്ടും ടാർ ചെയ്തതോടെ റോഡും അതിനോട് ചേർന്ന അരികും തമ്മിൽ വലിയ ഉയരമായി മാറി.ചില സ്ഥലങ്ങളിൽ റോഡ് ഒരടിയിലധികം ഉയർന്നു നിൽക്കുകയാണിപ്പോൾ. വലിയ വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോൾ ഇരുചക്ര വാഹനങ്ങൾ അടക്കം ചെറുവാഹനങ്ങൾ റോഡിൽ നിയന്ത്രണംതെറ്റി മറിയുന്നത് പതിവാണ്.
റോഡ് സൈഡിലൂടെ വരുന്ന ഇരുചക്രവാഹനങ്ങൾ ഈ കുഴികളിൽ വീഴുന്നത് പതിവായതോടെ പരിസരത്തെ കടയുടമകൾ കുഴികളിൽ കോൺക്രീറ്റ് സ്ലാബുകളും പലകയും ഇട്ട് മൂടിയ നിലയിലാണിപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |