വടകര : കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് വടകര. 48 വാർഡുകളുളള വടകര മുനിസിപ്പാലിറ്റിയ്ക്ക് കീഴിലെ ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റുക എന്ന ദൗത്യം ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണ് കന്നിയങ്കത്തിൽ തന്നെ വിജയിച്ച് മുനിസിപ്പൽ ചെയർപേഴ്‌സൺ സ്ഥാനത്തെത്തിയ പി.കെ.ശശി. നാടിന്റെ വിവിധ ആവശ്യങ്ങളെ തൊട്ടറിയുന്നതിനൊപ്പം വികസന കാഴ്ചപ്പാടുകൾ 'കേരളകൗമുദി'യുമായി അദ്ദേഹം പങ്കുവെക്കുന്നു.
@ വികസനത്തിലെ
പൊതു കാഴ്ചപ്പാട് എന്താണ്?
കേരളത്തിലെ ഏറ്റവും വൃത്തിയും മനോഹരവുമായ നഗരമായി വടകരയെ നിലനിർത്താനുള്ള ആത്മാർത്ഥമായ പരിശ്രമം ഉണ്ടാകും. കക്ഷി രാഷ്ട്രീയ ഭേദമന്യേ വികസനം എത്തിക്കുക എന്നതും വരുന്ന അഞ്ചുവർഷക്കാലത്തെ വടകര നഗരസഭയുടെ അടിസ്ഥാന വികസന കാഴ്ചപ്പാടായി മുന്നോട്ടുവയ്ക്കുകയാണ്.
@ മുന്നോട്ട് വയ്ക്കുന്ന
പ്രധാന പദ്ധതികൾ?
വടകര നഗരത്തിലെ ഏറ്റവും സങ്കീർണ പ്രശ്‌നമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് യുദ്ധകാല അടിസ്ഥാനത്തിലും ഹ്രസ്വകാല അടിസ്ഥാനത്തിലുമുള്ള പദ്ധതികൾ രൂപീകരിക്കുന്നതിന് ബഹുജനങ്ങളുടെയും മേഖലയിലെ വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് നഗരാസൂത്രണം നടപ്പിലാക്കും.
@ വ്യാപാര മേഖലയിൽ
പുത്തനുണർവ് ഉണ്ടാകുമോ ?
വ്യാപാര മേഖലയിലെ മുരടിപ്പും പ്രതിസന്ധികളും പരിഹരിക്കുന്നതിന് കച്ചവടക്കാരുടെയും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെയും മേധാവികളുടെയും കൊളീജിയം പോലുള്ള സംവിധാനം രൂപീകരിച്ച് തുറന്ന ചർച്ചകളും നിർദ്ദേശങ്ങളും പരിഗണിച്ച് പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തും.
@ കുടിവെള്ളം, കളിക്കളം തുടങ്ങിയ ആവശ്യങ്ങൾക്ക് അടിയന്തര പ്രധാന്യം നൽകുമോ?
കുടിവെള്ളം കളിക്കളം തുടങ്ങിയ ആവശ്യങ്ങൾക്ക് തത്തുല്യമായ പ്രാധാന്യം നൽകിക്കൊണ്ട് ആവശ്യങ്ങൾ നിറവേറ്റും. ആരോഗ്യം ,ശുചിത്വം, വിദ്യാഭ്യാസം എന്നിവയ്‌ക്കൊപ്പം തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് പശ്ചാത്തല സൗകര്യം ഒരുക്കലും അടിയന്തര പ്രാധാന്യം നൽകി നടപ്പിൽ വരുത്തും.
@ മുനിസിപ്പാലിറ്റിയുടെ തനത് വരുമാനം വർദ്ധിപ്പിക്കാൻ പദ്ധതികൾ ?
തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള വിവിധ പദ്ധതികൾക്ക് സർക്കാർ തലത്തിൽ കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതുപോലെ വടകരയിലെ ബാങ്കുകളുടെ ധനസഹായം ലഭ്യമാക്കി പൂർത്തിയാകാത്ത പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |