കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നിന്ന് സി.പി.എമ്മിലെ രണ്ടുപേർ വിട്ടുനിന്നതോടെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനത്തേയ്ക്ക് യു.ഡി.എഫ് അംഗങ്ങളെ തിരഞ്ഞെടുത്തു. കേണിച്ചിറ വാർഡിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ എ.വി. ജയനും പൂതാടിയിൽ നിന്ന് വിജയിച്ച പ്രസാദുമാണ് വിട്ടുനിന്നത്. സംഘടനാപരമായ അവഗണനയും ചില നിലപാടുകളോടുള്ള വിയോജിപ്പുമാണ് വിട്ടുനിൽക്കാൻ കാരണമെന്ന് എ.വി. ജയനും പ്രസാദും വ്യക്തമാക്കി. തിരുത്തേണ്ടവർ തിരുത്തുമെന്ന പ്രതീക്ഷയാണ്. നല്ലൊരു പാർട്ടി പ്രവർത്തകരായി തന്നെ നിലകൊള്ളുമെന്നും ഇവർ പറഞ്ഞു.
23 വാർഡുള്ള പഞ്ചായത്തിൽ 10 സീറ്റുകൾ വീതം എൽ.ഡി.എഫും യു.ഡി.എഫും നേടിയപ്പോൾ മൂന്ന് സീറ്റ് എൻ.ഡി.എ പിടിച്ചെടുക്കുകയുണ്ടായി. തുല്യനിലയിൽ വന്നെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റ ഒരു വോട്ട് അസാധുവായതോടെയാണ് ഭരണവും പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫിന് ലഭിച്ചത്. നറുക്കെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനവും എൽ.ഡി.എഫിന് അനുകൂലമായി. ഇന്നലെ രാവിലെയായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായതിനാൽ വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യം എന്നിവയിലെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയ്ക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. അതിനിടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേയ്ക്ക് യു.ഡി.എഫ് അംഗങ്ങൾ പേര് നൽകിയപ്പോൾ കൃത്യമായി വനിതാ സംവരണം കാണിച്ചില്ലെന്നാരോപിച്ച് ഇടതുപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേർന്നപ്പോൾ യു.ഡി.എഫിലെ മൂന്ന് കമ്മിറ്റി അംഗങ്ങളും എട്ടിനെതിരെ പത്ത് വോട്ടുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൻ.ഡി.എ വിട്ടുനിൽക്കുകയും ചെയ്തു. അടുത്ത ദിവസം നടക്കുന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ തിരഞ്ഞെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |