
തൃശൂർ: മുണ്ടകൻ പാടശേഖരങ്ങളിൽ വെള്ളമില്ല. കനത്ത മഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവും മൂലം കീടബാധ ഭീഷണിയിൽ കോൾപ്പാടവും. ജില്ലയിൽ നെല്ലുത്പാദനം ഈയാണ്ടിലും കുറയുമെന്ന ആശങ്കയിൽ കർഷകർ. തുലാവർഷം ചതിച്ചതോടെ
മുണ്ടകപ്പാടം വറ്റിവരണ്ടതാണ് പ്രതിസന്ധിക്ക് കാരണം. നെൽച്ചെടികളുടെ വളർച്ചയെ ഇത് ബാധിക്കും. നെൽച്ചെടികൾ കതിരിടുന്ന സമയത്ത് വെള്ളവും ഈർപ്പവുമില്ലെങ്കിൽ കതിർ പുറത്തുവരില്ല. മണികൾക്ക് കനം കുറയുകയും ചെയ്യും. ചൂട് കൂടുന്നതോടെ പാടശേഖരങ്ങളിലെ നെൽച്ചെടികൾ കരിയും. ജില്ലയുടെ വടക്ക് പടിഞ്ഞാറും വടക്ക് കിഴക്കും മേഖലകളിലാണ് മുണ്ടകൻ പാടങ്ങളുള്ളത്. സാധാരണ ആഗസ്റ്റിലാണ് കൃഷിയിറക്കാറുള്ളത്. എന്നാൽ ഇക്കുറി സെപ്റ്റംബറിലേക്ക് നീങ്ങി. ഇനി രണ്ടാഴ്ചയെങ്കിലും പാടത്ത് വെള്ളം നിറുത്തണം. കുളങ്ങളിൽനിന്നും മറ്റും വെള്ളം പമ്പുചെയ്ത് കൃഷിയെ നിലനിറുത്താനുള്ള തീവ്രശ്രമത്തിലാണെന്ന് കർഷകർ.
ചതിച്ചത് തുലാമഴ
ജലസേചനസൗകര്യങ്ങൾ കുറഞ്ഞ പാടങ്ങളിൽ നെൽകൃഷിക്ക് തുലാവർഷമാണ് ആശ്വാസം. പാടശേഖരങ്ങൾക്ക് സമീപമുള്ള കുളങ്ങൾ, കിണറുകൾ എന്നിവിടങ്ങളിൽനിന്നുള്ള വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്ത് പാടശേഖരങ്ങളിലേക്ക് എത്തിച്ചാണ് താത്കാലിക പരിഹാരം കാണുന്നത്. എന്നാൽ ഇത് കർഷകർക്ക് ധനനഷ്ടമുണ്ടാക്കും. നവംബറിലും ഡിസംബറിലും കനത്ത മഴ എവിടെയും ലഭിച്ചിട്ടില്ല. അന്തരീക്ഷതാപനില 3033 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. കാറ്റും ശക്തമായതോടെ പാടശേഖരം ഉണങ്ങി. പാടശേഖരങ്ങളിലൂടെയുള്ള ഇടതോടുകളും വറ്റിവരണ്ടതോടെ പ്രശ്‌നം രൂക്ഷമായി.
ഉപ്പുവെളളം മുതൽ മൂടൽ മഞ്ഞ് വരെ...
മുല്ലശേരി കനാലിലും അനുബന്ധ ഉൾചാലുകളിലും ഉപ്പുവെള്ളം നിറഞ്ഞാണ് കോൾക്കൃഷി പ്രതിസന്ധിയിലാക്കിയത്. പുല്ലഴിക്കോളിൽ മൂടൽമഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് പ്രതിസന്ധി. പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറ്റിയാൽ കൃഷി കരിഞ്ഞുണങ്ങും. കഴിഞ്ഞ വർഷങ്ങളായി ഉപ്പുവെള്ളത്തിന്റെ പ്രതിസന്ധി മൂലം കോൾമേഖലയിലെ കൃഷി ലാഭകരമല്ലെന്ന് കർഷകർ പറയുന്നു.
കനാലുകളിൽ ജലനിരപ്പ് താഴ്ന്നതോടെ ഉപ്പുവെള്ളം കോൾ മേഖലയിലെ മുഴുവൻ ഉൾചാലുകളിലും എത്തി. കോൾപ്പാടത്ത് വെള്ളത്തിന് ക്ഷാമമില്ല. ഫെബ്രുവരി അവസാനം കൊയ്ത്ത് തുടങ്ങും. മാർച്ച് അവസാനവാരത്തോടെ കൊയ്ത്ത് തീരും. വിള ഇൻഷ്വറൻസ് അടക്കമുളള ആനുകൂല്യങ്ങൾ രണ്ട് വർഷമായി കിട്ടിയിട്ടില്ലെന്നാണ് കർഷകരുടെ പരാതി.
പുല്ലഴിയിൽ മുൻവർഷങ്ങളിൽ കീടബാധ ഗുരുതരപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മഞ്ഞും മൂടിക്കെട്ടിയ അന്തരീക്ഷവും കീടങ്ങൾക്ക് അനുകൂലമാണ്. പകൽസമയത്ത് നല്ല ചൂടുണ്ടെങ്കിൽ മാത്രമേ കീടബാധ ഒഴിവാകുകയുളളൂ.
കൊളങ്ങാട്ട് ഗോപിനാഥൻ, പ്രസിഡന്റ്, പുല്ലഴി കോൾപടവ് സഹകരണസംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |