കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ സമഗ്ര പുരോഗതിയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തലും ലക്ഷ്യമാക്കിയുള്ള ശാസ്ത്രീയ വികസന കാഴ്ചപ്പാടാണ് കൊടുവള്ളിയുടെ യുവ മുനിസിപ്പൽ ചെയർപേഴ്‌സൺ സഫീറ ഷമീർ മുന്നോട്ട് വെക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം മുതൽ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ക്ഷേമം വരെ മുൻനിർത്തിയുള്ള കർമ്മപദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നതെന്ന് ചെയർപേഴ്‌സൺ. വികസന കാഴ്ചപ്പാടുകൾ കേരളകൗമുദിയുമായി സംസാരിക്കുന്നു.
@ മുനിസിപ്പാലിറ്റിയ്ക്ക് പുതിയ ആസ്ഥാനം?
മുനിസിപ്പാലിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഫീസ് മന്ദിരം നിർമ്മിക്കും. അത് ഈ ഭരണ വർഷം തന്നെ സംഭവിക്കും.
@ ഗതാഗതക്കുരുക്കിന് പരിഹാരം?
കൊടുവള്ളി ടൗണിലെ പ്രധാന പ്രശ്‌നമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ടൗൺ സൗന്ദര്യവത്ക്കരണ പദ്ധതി നടപ്പിലാക്കും.
@ അമൃത് കുടിവെള്ള പദ്ധതി?
മുനിസിപ്പൽ പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 'അമൃത്' പദ്ധതിയിലൂടെ ശുദ്ധജലം എല്ലാ വീടുകളിലും എത്തിക്കും.
@ മാലിന്യമുക്ത നിർമ്മാർജ്ജനം എങ്ങനെ ?
മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കും.
@ ക്ഷേമ പദ്ധതികൾ എന്തെല്ലാം?
മുതിർന്ന പൗരന്മാർക്കായി 'പകൽ വീടുകൾ', ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. പൊതുജനങ്ങൾക്കായി കൂടുതൽ പബ്ലിക് ടോയ്‌ലറ്റുകൾ നിർമ്മിക്കും.
@ ആരോഗ്യവും വിനോദവും വിദ്യാഭ്യാസവും ?
യുവാക്കൾക്കും കുട്ടികൾക്കുമായി കളിസ്ഥലങ്ങൾ വികസിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിനായി വിവിധയിടങ്ങളിൽ ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കും. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ഐ.ടി.ഐ ബിൽഡിംഗ് യാഥാർത്ഥ്യമാക്കും.
കൊടുവള്ളിയെ ഒരു മാതൃകാ നഗരമാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കൊപ്പം നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |