പാലക്കാട്: മൈസൂർ വൃന്ദാവൻ ഗാർഡൻസിന്റെ മാതൃകയിൽ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മലമ്പുഴയെ വടക്കൻ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള പ്രവൃത്തികൾ നടത്തുന്നത്. 2025 സെപ്തംബർ 11നാണ് നവീകരണത്തിനായി ഉദ്യാനം അടച്ചിട്ടത്. 'സ്വദേശ് ദർശൻ 2.0' പദ്ധതിയിൽ 75 കോടി രൂപയുടെ നിർമാണപദ്ധതികളാണ് നടക്കുന്നത്. ജോലികൾ വേഗം നടത്തുന്നുണ്ടെന്നും ആദ്യഘട്ടജോലികൾ മാർച്ചിൽ തീർക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നതെന്നും കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു.
പുതിയ മുഖം
റോക്ക് ഗാർഡൻ, ജാപ്പനീസ് പാർക്ക്, മ്യൂസിക് ഫൗണ്ടനുകൾ തുടങ്ങിയവ പുതിയ ആകർഷണങ്ങളോടെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഉദ്യാനം രൂപകല്പനചെയ്യുന്നത് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.കെ ഫൗണ്ടേഷനാണ്. 40.34 ഏക്കറോളമുള്ള ഉദ്യാനത്തിൽ കുട്ടികളുടെ പാർക്കിന്റെ ജോലികളാണ് വേഗം നടക്കുന്നത്. മറുഭാഗത്ത് ജലധാരകളും വിളക്കുകളും പ്രവർത്തിപ്പിക്കാനുള്ള കേബിൾ വയറുകളും പൈപ്പുകളും ഉദ്യാനത്തിനുചുറ്റും ഘടിപ്പിക്കുന്ന പണികളും നടക്കുന്നുണ്ട്. കവാടത്തിനോടുചേർന്ന് വിവിധയിടങ്ങളിലേക്കുള്ള നടപ്പാതകളിൽ തറയോട് വിരിക്കാനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഈ ജോലികൾക്കുശേഷം ഉദ്യാനത്തിൽ പുല്ലുകൾ പിടിപ്പിക്കും.
നടപ്പാതകൾക്കരികിൽ ഇരിപ്പിടങ്ങൾ, പൂന്തോട്ടമൊരുക്കൽ എന്നിവയും അവസാനഘട്ടത്തിൽ നടക്കും. നിലവിൽ മരങ്ങളൊന്നും മുറിച്ചുമാറ്റിയിട്ടില്ലെങ്കിലും അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കിയേക്കുമെന്ന് അധികൃതർ പറഞ്ഞു. കാലങ്ങളായി ഉപയോഗിക്കാനാകാതെ കിടക്കുന്ന നീന്തൽക്കുളങ്ങളും നവീകരിക്കാൻ പദ്ധതിയുണ്ട്. പണിയുന്നത് അഞ്ച് ശൗചാലയ കെട്ടിടങ്ങൾ. സന്ദർശകരുടെ തിരക്കുണ്ടാകുമ്പോഴും ഉദ്യാനത്തിലെ ഒരു ശൗചാലയംപോലും ഉപയോഗിക്കാനാകില്ലെന്ന പരാതികൾക്കാണ് പുതിയ നവീകരണത്തിൽ പരിഹാരമാകുന്നത്. ശൗചാലയങ്ങൾക്കായി അഞ്ചു കെട്ടിടങ്ങളാണ് പുതുതായി പണിയുന്നത്. ഇതിൽ രണ്ടെണ്ണം തയ്യാറായി. ചിലത് പൊളിച്ചുപണിയുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |