കോഴിക്കോട്: പുതുമുഖങ്ങൾക്കൊപ്പം പൊതുസ്വീകാര്യരായ മുതിർന്ന നേതാക്കളെ ഇറക്കി കോഴിക്കോട് നിലനിൽത്താൻ തന്ത്രങ്ങളുമായി സി.പി.എം. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കഴിഞ്ഞാൽ ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ സീറ്റ് നേടികൊടുത്ത ജില്ല കോഴിക്കോടാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. ഇടത് സർക്കാരിന് ഹാട്രിക് ഭരണമുണ്ടാകണമെങ്കിൽ കോഴിക്കോട് മുന്നേറ്റം ആവർത്തിക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിന് അറിയാം. അതിനായി മുതിർന്ന നേതാക്കളെ രംഗത്തിറക്കി സിറ്റിംഗ് സീറ്റുകൾ നിലനിർത്തുകയാണ് സി.പി.എം ലക്ഷ്യം. രണ്ട് തവണ കോഴിക്കോട് നോർത്തിനെ പ്രതിനിധീകരിച്ച് എം.എൽ.എയായ എ.പ്രദീപ് കുമാർ മത്സരിക്കാനാണ് സാദ്ധ്യത. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പേരാമ്പ്രയിൽ വീണ്ടും ജനവിധി തേടണമെന്നാണ് ഉയരുന്ന ആവശ്യം. എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ കേരളത്തിലങ്ങോളം പ്രവർത്തിക്കേണ്ടതിനാൽ ഒഴിവാക്കണമെന്ന് ടി.പി ആവശ്യപ്പെട്ടെങ്കിലും പേരാമ്പ്ര നഷ്ടപ്പെടരുതെന്നാണ് പാർട്ടി നൽകിയ നിർദ്ദേശം. ടി.പി അല്ലെങ്കിൽ എസ്.കെ സജീഷിന്റെയും ജില്ലാപഞ്ചായത്ത് അംഗം കെ.കെ ഹനീഫയുടെ പേരുകൾ ഉയരുന്നുണ്ട്. കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയുടെ അഭാവത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.വസീഫോ കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലെത്തിയ കെ.പി അനിൽകുമാറോ ജനവിധി തേടിയേക്കും. എം.എൽ.എമാരായ കെ.എം സച്ചിൻദേവും കെ.പി.കുഞ്ഞമ്മദ് കുട്ടിയും ബാലുശ്ശേരി, കുറ്റ്യാടി മണ്ഡലങ്ങളിൽ വീണ്ടും മത്സരിച്ചേക്കും. കുറ്റ്യാടിയിൽ കേരള കോൺഗ്രസിന് കണ്ണുണ്ടെങ്കിലും പ്രാദേശിക വികാരം കുഞ്ഞമ്മദ്കുട്ടി മത്സരിക്കണമെന്നാണ്. തിരുവമ്പാടിയിൽ ലിന്റോ ജോസഫുതന്നെ മത്സരത്തിനിറങ്ങും. ബേപ്പൂരിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് അല്ലാതെ മറ്റൊരുപേരും ഉയർന്നിട്ടില്ല.
@ ഘടകകക്ഷി സീറ്റുകൾ
ഏറ്റെടുക്കാൻ സമ്മർദ്ദം
ഘടകകക്ഷികളുടെ സീറ്റ് എലത്തൂർ (എൻ.സി.പി), വടകര (ആർ.ജെ.ഡി), നാദാപുരം (സി.പി.ഐ), കുന്ദമംഗലം (നാഷണൽ സെക്യുലർ കോൺഫറൻസ്-പി.ടി.എ. റഹിം) എന്നിവയാണ്. ബാക്കി സി.പി.എമ്മും. ഇതിൽ എ.കെ ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂർ സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ എലത്തൂർ സീറ്റ് വിട്ടുകൊണ്ടുള്ള ഒരു നിലപാടിനും പാർട്ടിയില്ലെന്നാണ് എൻ.സി.പി നേതൃത്വം പറയുന്നത്. അതേസമയം കുന്ദമംഗലം സീറ്റ് എൻ.സി.പിക്ക് നൽകി കൊടുവള്ളി പി.ടി.എ റഹീമിന് കൊടുക്കുന്നതും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. കുന്ദമംഗലം നിലനിർത്തുന്നതിനൊപ്പം കൊടുവള്ളി പിടിച്ചെടുക്കുകയുമാണ് ലക്ഷ്യം. സി.പി.ഐ മത്സരിക്കുന്ന നാദാപുരത്ത് ജില്ലാ സെക്രട്ടറി പി.ഗവാസ് ജനവിധി തേടിയേക്കും. കോഴിക്കോട് സൗത്തിൽ ഐ.എൻ.എൽ സ്ഥാനാർത്ഥിയായി മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ വീണ്ടു വരാനാണ് സാദ്ധ്യത. വടകരയിൽ ആർ.ജെ.ഡി മുതിർന്ന നേതാവ് മനയത്ത് ചന്ദ്രനെ രംഗത്തിറക്കും.
@ വനിത വരുമോ?
കഴിഞ്ഞ തവണ കാനത്തിൽ ജമീലയായിരുന്നു ഇടതുപക്ഷത്തിന്റെ ജില്ലയിലെ ഏക വനിതാ സ്ഥാനാർത്ഥി. കാനത്തിൽ ജമീലയുടെ അകാല വിയോഗം ഉണ്ടാക്കിയ വിടവിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തണമെന്നും ആലോചനയുണ്ട്. വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, കെ.കെ ലതിക എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും ശക്തമായ പോരാട്ടം നടക്കുമ്പോൾ സ്വീകാര്യർ എന്നതാണ് സി.പി.എം മുൻഗണന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |