കണ്ണൂർ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് സ്ഥിരമായ വരുമാനസ്രോതസ്സുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള ചിക്കൻ പദ്ധതി വൻ ഹിറ്റ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കണ്ണൂർ ജില്ലയിൽ മാത്രം ഒരു കോടി 15 ലക്ഷം രൂപയാണ് കേരള ചിക്കൻ ബ്രോയിലർ കർഷകർക്ക് ലഭിച്ചത്. ജില്ലയിൽ നിലവിൽ 31 ഫാമുകളും അഞ്ച് ഔട്ട്‌ലെറ്റുകളും വിജയകരമായി പ്രവർത്തിച്ചു വരുന്നു.
31 ഫാമുകളിൽ നിന്നുമായി സംരംഭകർ മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം സ്ഥിരമായി നേടുന്നുണ്ട്.
അഞ്ച് ഔട്ട്‌ലെറ്റുകളിൽ നിന്നും മാസം ശരാശരി 1.5 ലക്ഷം രൂപയും സംരംഭകർക്ക് വരുമാനമായി ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി നിലവിൽ 42 വനിതാ സംരംഭകരാണ് രംഗത്തുള്ളത്.
ജില്ലയിലെ ഓരോ പഞ്ചായത്തിലും ഒരു ഔട്ട്‌ലെറ്റ് എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ മുന്നോട്ടു പോകുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആറ് പുതിയ ഔട്ട്‌ലെറ്റുകളും മൂന്ന് ഫാമുകളും പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങി കഴിഞ്ഞു. ഇറച്ചിക്കോഴി കർഷകരായ കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, മരുന്ന്, തീറ്റ എന്നിവ കേരള ചിക്കൻ കമ്പനി ഫാമിൽ എത്തിച്ചു നൽകും. ആയിരം മുതൽ പതിനായിരം വരെ കപ്പാസിറ്റിയുള്ള ഫാമുകളാണ് കമ്പനിയുമായി ഇന്റഗ്രേറ്റ് ചെയ്യുന്നത്. വളർച്ചയെത്തിയ കോഴി 45 ദിവസത്തിനുള്ളിൽ കമ്പനി തന്നെ തിരിച്ചെടുത്ത് കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി വിപണിയിലെത്തിക്കും. കിലോയ്ക്ക് ആറ് രൂപ മുതൽ 13 രൂപ വരെയാണ് വളർത്തു കൂലിയായിട്ട് കർഷകർക്ക് കിട്ടുന്നത്.
വിലയും ഗുണമേന്മയും
വിലയും ഗുണമേന്മയുമാണ് കേരള ചിക്കനെ വേറിട്ട് നിർത്തുന്നത്. കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികളിലൂടെ ഔട്ട്‌ലെറ്റ് ഉടമകൾക്ക് കിലോയ്ക്ക് 17 രൂപ നിരക്കിലാണ് ലാഭം ലഭിക്കുന്നത്. ഔട്ട്‌ലെറ്റുകളിൽ നിന്നും ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലും മികച്ച ഗുണമേന്മയും ശുചിത്വവും ഉറപ്പുവരുത്തിയാണ് ലഭ്യമാക്കുന്നത്.
ഫ്രോസൺ ചിക്കൻ-
കേരള ചിക്കന്റെ പുതിയ മുഖം
കേരള ചിക്കന്റെ പുതിയ സംരംഭമായ ഫ്രോസൺ ചിക്കൻ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നുണ്ട്. ചിക്കൻ കറി കട്ട്,
ബിരിയാണി കട്ട് എന്നിങ്ങനെ വൈവിദ്ധ്യങ്ങളോടെ ലഭ്യമായ ഫ്രോസൺ ചിക്കൻ കമ്പനി നേരിട്ടും സൂപ്പർമാർക്കറ്റുകൾ, ഷോപ്പുകൾ വഴിയും വിതരണം ചെയ്യുന്നുണ്ട്.
കേരള ചിക്കൻ ഫാം , ഔട്ട്‌ലെറ്റ് തുടങ്ങാൻ താൽപര്യമുള്ള പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീകൾക്ക് സി.ഡി.എസ് ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8075089030.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |