കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലിന് ഇ-മെയിൽ ഭീഷണി സന്ദേശം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ബിശ്വാസിന്റെ നേതൃത്വത്തിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഫോടനം നടക്കുമെന്ന് പറഞ്ഞ സമയം കഴിഞ്ഞാണ് പരിശോധനകൾ അവസാനിപ്പിച്ചത്. മെഡിക്കൽ കോളേജ് എ.സി.പി ആർ.ഹരിപ്രസാദ്, സി.ഐ ബെെജു എം. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. സെെബർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെ 3.23നാണ് മെയിൽ വന്നത്. രാവിലെ പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത്കുമാർ ഓഫീസിലെത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. മൂന്ന് ആർ.ഡി എക്സ് ഐ.ഇ.ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.35ന് മുമ്പ് വിദ്യാർത്ഥികളെയും രോഗികളെയും ഒഴിപ്പിക്കണമെന്നുമാണ് ഉള്ളടക്കം.
മുൻ എൽ.ടി.ടി.ഇ,കാശ്മീർ ഐ.എസ്.കെ.പി(ഇസ്ലാമിക് സ്റ്റേറ്റ്- കൊറാസൻ പ്രൊവിൻസ്) അംഗങ്ങളാണ് ചാവേറുകളായെത്തി സ്ഫോടനം നടത്തുകയെന്നും മുന്നറിയിപ്പ് നൽകി. മുഹമ്മദ് വിക്രം രാജ് ഗുരുവെന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശമെത്തിയത്. തമിഴ്നാടാണ് ഉറവിടമെന്നാണ് പ്രഥമ വിവരം. തമിഴ്‌നാട്ടിൽ പൊലീസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽപീഡനം അവസാനിക്കാൻ 1979ലെ നയനാർ ദാസ് പൊലീസ് യൂണിയൻ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം. ചില നടിമാരുടെയും ഡി.എം.കെ ബന്ധമുള്ളവരുടെയും വസ്ത്രമലക്കലും എച്ചിൽ പാത്രം കഴുകലുമുൾപ്പെടെ ചെയ്യേണ്ടിവരുന്നത് അപമാനത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്നും മെയിലിലുണ്ട്. ബോംബ് വച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലിന് ലഭിച്ച സന്ദേശം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരെയും രോഗികളെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയിലാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |