കൊച്ചി: ജില്ലയിലെ യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര മണ്ഡലം. ഭൂരിപക്ഷം വർദ്ധിപ്പിച്ച് വലത് കോട്ടയെന്ന വിശേഷണം അരക്കിട്ടുറപ്പിക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമെങ്കിൽ കരുത്തനെ കളത്തിലിറക്കി മണ്ഡലം പിടിക്കുക എന്ന ദൗത്യമാണ് എൽ.ഡി.എഫിനുള്ളത്. 2011ൽ രൂപീകൃതമായതിനു ശേഷം നടന്നത് ഉപതിരഞ്ഞെടുപ്പുൾപ്പടെ നാല് പോരാട്ടങ്ങൾ. നാലിലും വിജയം യു.ഡി.എഫിനൊപ്പം. മൂന്ന് വിജയികൾ. 2011ൽ ബെന്നി ബെഹനാൻ, 2016ലും 2021ലും പി.ടി. തോമസ്. പി.ടിയുടെ മരണശേഷം 2022ലെ ഉപതിരഞ്ഞെടുപ്പിൽ പത്‌നി ഉമാ തോമസ്.
തൊട്ടു മുൻപത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ബെന്നി ബെഹനാനെ അനുനയിപ്പിക്കാനാണ് മണ്ഡല രൂപീകരണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 2011ൽ അദ്ദേഹത്തെ തൃക്കാക്കരയിലിറക്കിയത്. സി.പി.എമ്മിലെ ഇ.എം. ഹസൈനാരെ 22,406 വോട്ടുകൾക്ക് ബെന്നി തറപറ്റിച്ചു.
പി.ടി തേരോട്ടം
2016ൽ കരുത്തനെയിറക്കി കളം തിരിച്ചുപിടിക്കാനുള്ള നീക്കത്തിൽ എൽ.ഡി.എഫ് നിയോഗിച്ചത് അഡ്വ. സെബാസ്റ്റ്യൻ പോളിനെ. സീറ്റ് ഉറപ്പിച്ച് കോൺഗ്രസ് കളത്തിലിറക്കിയത് സാക്ഷാൽ പി.ടി. തോമസിനെ. ഇടതു തരംഗത്തിനിടെ ജയിച്ചെങ്കിലും യു.ഡി.എഫിന് അത്ര എളുപ്പമായില്ല കാര്യങ്ങൾ. ഭൂരിപക്ഷം 11,996ലേക്ക് കൂപ്പുകുത്തി.
2021ൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫ് കളത്തിലിറങ്ങിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടകൾ ഒന്നൊന്നായി കടപുഴകിയെങ്കിലും ജില്ലയിൽ ആ കാറ്റ് അത്ര വീശിയില്ല. തൃക്കാക്കര വലത്തോട്ട് തന്നെ ചാഞ്ഞു. ഡോ. ജെ. ജേക്കബ് എന്ന അപ്രതീക്ഷിത ഇടത് സ്ഥാനാർത്ഥിയെ പി.ടി. തോമസ് തകർത്തത് 14,329 വോട്ടിന്.
പി.ടി മരണപ്പെട്ടതോടെ 2022ൽ മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ്. പി.ടിയുടെ പത്‌നി ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇക്കുറിയും ഇടതിന് അപ്രതീക്ഷിത മത്സരാർത്ഥി. ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ. ജോ ജോസഫ്. പി.ടി എഫക്ട് ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ 25,016 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിൽ ഉമ ജയിച്ചുകയറി. ആകെയുള്ള 239 ബൂത്തുകളിൽ 219ലും യു.ഡി.എഫിനായിരുന്നു ലീഡ്.
സ്ഥാനാർത്ഥി നിർണയത്തിൽ ആകാംഷ
യു.ഡി.എഫിന് ഇക്കുറിയും ഉമാ തോമസ് തന്നെയാകും സ്ഥാനാർത്ഥിയെന്ന് ഏറെക്കുറേ ഉറപ്പാണ്. സിറ്റിംഗ് എം.എൽ.എയെന്ന ക്ലെയിമിനൊപ്പം വനിതയെന്ന പരിഗണനയും തുണയാകും. ഇടതിന് ആരെന്നതിലാണ് സസ്‌പെൻസ്. ഡോ. ജോ ജോസഫ്, ഡോ. ജെ. ജേക്കബ് എന്നീ സർപ്രൈസുകൾ പോലെ തന്നെയാകുമോ എന്ന് കണ്ടറിയണം. മണ്ഡലത്തിന്റെ ഭാഗമായ തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപ്പറേഷനിലെ വിവിധ വാർഡുകളും യു.ഡി.എഫിനൊപ്പമാണെന്നുള്ളത് അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |