കോലഞ്ചേരി: കോഴിവില കുതിച്ചുയരുന്നു. മീൻ വാങ്ങിയാൽ കൈപൊള്ളുന്ന അവസ്ഥയാണ്. മുരിങ്ങക്കോലും തക്കാളിയും കിഴങ്ങുവർഗങ്ങളും വിലക്കയറ്റത്തിലാണ്. വിലക്കയറ്റം മാംസാഹാര പ്രിയരുടെ പോക്കറ്റ് കീറുമെന്ന് ഉറപ്പ്. ക്രിസ്മസ് വരെ 155-160 രൂപ നിരക്കിൽ നിന്ന കോഴിവില 190-195 നിരക്കിലേക്കാണ് കുത്തനെ ഉയർന്നത്. ദിനംപ്രതി 2, 3, 5 രൂപ വീതമാണ് വർദ്ധന. വിവാഹ സീസണായതിനാൽ ഡിമാൻഡ് വർദ്ധിച്ചതും കാലാവസ്ഥ, വെള്ളക്ഷാമം തുടങ്ങിയവ കാരണം ഫാമുകൾ അടച്ചിട്ടതിലൂടെയുണ്ടായ ഉത്പാദനക്കുറവും വൈദ്യുതി, വെള്ളം നിരക്ക് വർദ്ധനയുമാണ് വിലവർദ്ധനയ്ക്ക് കാരണമായി മൊത്തവ്യാപാരികൾ നൽകുന്ന വിശദീകരണം.
മീനിനായി നെട്ടോട്ടത്തിലാണ് നാട്ടുകാർ. മീൻ എത്തുന്നത് തീരെക്കുറവാണ്. ഉള്ളയിടങ്ങളിൽ തീവിലയും. ചാള വലിപ്പമനുസരിച്ച് 140 - 280 രൂപ നിരക്കിലാണ് ചില്ലറ വില്പന. അയല 210-240, കേര തുണ്ടം 380-400 എന്നിങ്ങനെയാണ് നിരക്ക്. നെയ്മീൻ വില 1000 കടന്നു.
പിടിവിട്ട് പച്ചക്കറിയും
മുരിങ്ങക്കോൽ 400, തക്കാളി 80 രൂപയുമാണ് ചില്ലറ വില. മറ്റു പച്ചക്കറികൾക്ക് കുറഞ്ഞ നിരക്കിലാണ് കച്ചവടം നടക്കുന്നത്. ചെറിയ ഉള്ളി 60, സവാള കിലോ 34 രൂപയ്ക്കുമാണ് വില്പന.
ചെറുനാരങ്ങാവില 100 രൂപയിലേക്ക് ഉയർന്നു. കിഴങ്ങുവർഗങ്ങളിൽ കപ്പ, ചേമ്പ്, ചേന എന്നിവയ്ക്കും വില അടിക്കടി കൂടുകയാണ്. കപ്പ കിലോ 35, ചേന 70, ചേമ്പ് 85 എന്നിങ്ങനെയാണ് ചില്ലറവില. തിരുവാതിര കഴിഞ്ഞതോടെ കിഴങ്ങുവർഗങ്ങൾക്ക് വില കുറയുന്നതാണ് പതിവ്. എന്നാൽ ഇക്കുറി മാറ്റമില്ല. തിരുവാതിര പുഴുക്കൊരുക്കുന്ന സമയത്ത് വിലമാറ്റം പതിവാണ്. പയർ, ബീൻസ്, ക്യാരറ്റ്, വെണ്ടയ്ക്ക തുടങ്ങിയവയ്ക്ക് 50 രൂപയിൽ താഴെയാണ് വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |